കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജനെ കുറ്റക്കാരനെന്ന് തലശ്ശേരി പോക്സോ പ്രത്യേക കോടതി കണ്ടെത്തി. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കുറ്റങ്ങൾക്ക് ജീവപര്യന്തം മുതൽ വധശിക്ഷ വരെയുള്ള ശിക്ഷ ലഭിക്കാമെന്നാണ് വിലയിരുത്തൽ.Palathai rape case: Court finds accused Padmarajan guilty
2020 ജനുവരി–ഫെബ്രുവരി മാസങ്ങളിലായിരുന്നു സംഭവം. പെൺകുട്ടി 2020 മാർച്ച് 17ന് ചൈൽഡ് ലൈനിൽ നൽകിയ മൊഴിയോടെയാണ് കേസ് പുറത്ത് വന്നത്. തുടക്കത്തിൽ ലോക്കൽ പൊലീസ്, പിന്നീട് ക്രൈംബ്രാഞ്ച് എന്നിവരുടെ അന്വേഷണം പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്ന് ആരോപണം ഉയർന്നു. അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പെടുന്ന പ്രത്യേക സംഘം രൂപീകരിച്ചത്. പുതിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ കണ്ടെത്തുകയും പോക്സോ വകുപ്പുകൾ ചേർത്ത് 2021ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.
2024 ഫെബ്രുവരി 23ന് വിചാരണ ആരംഭിച്ചു. കുട്ടിയുടെ മൊഴി അഞ്ച് ദിവസമായി കോടതി രേഖപ്പെടുത്തി. 40 സാക്ഷികളും 77 രേഖകളും 14 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
