തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ കുറിച്ചുള്ള സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി .പദ്ധതിയിൽ നിന്നും പിന്മാറാനുള്ള തീരുമാനം എൽഡിഎഫിന്റെ വിജയമോ പരാജയമോ അല്ലെന്നും, ആർഎസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.PM Shri project; Minister V Sivankutty strongly criticizes CPI state secretary’s statement
“അതിനായി സമരം ചെയ്ത് കൊടിയ വേദന അനുഭവിച്ചവരെ അളക്കാൻ ഞാൻ നിൽക്കുന്നില്ല. നയങ്ങളിൽ നിന്ന് പിന്നോട്ടുപോയത് ആരെന്നതിൽ പോസ്റ്റുമോർട്ടം ചെയ്യാൻ ഞാൻ പോകുന്നില്ല. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്നത് ഒരു കേന്ദ്രത്തിൽ നിന്ന് സിപിഎം പഠിക്കേണ്ട കാര്യമില്ല,” — ശിവൻകുട്ടി പറഞ്ഞു.
കത്ത് അയയ്ക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതാണെന്നും സിപിഐക്ക് ആശങ്കയുണ്ടായിരുന്നില്ലെന്നും, അത് മാധ്യമങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു. “എസ്എസ്എ ഭാഗമായ 1152.77 കോടി ലഭിക്കുമോ എന്നത് മാത്രമാണ് ആശങ്ക. അത് ലഭിക്കാത്തപക്ഷം, അതിന് ഞാൻ ബാധ്യതയില്ല — അത് ഏറ്റെടുക്കേണ്ടവർ തന്നെ ഏറ്റെടുക്കണം,” — ശിവൻകുട്ടി വ്യക്തമാക്കി.
“ആർഎസ്എസിനെ എതിർക്കാൻ നമ്മളെയാണോ വേണ്ടത് എന്ന തരത്തിലുള്ള പ്രസ്താവനകൾ ചില കേന്ദ്രങ്ങളിൽ നിന്നു വന്നത് കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയത്. മറ്റ് കേന്ദ്രഫണ്ടുകൾ ലഭിക്കുമോ എന്ന് പറയാനാകില്ല. കിട്ടിയില്ലെങ്കിൽ അതിനെ വിദ്യാഭ്യാസമന്ത്രിയുടെ കുറവായി കാണേണ്ടതില്ല,” — അദ്ദേഹം കൂട്ടിച്ചേർത്തു.
