കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ വൻ വാട്ടർ ടാങ്ക് തകർന്നു. കുത്താപ്പാടിയിലാണ് സംഭവം നടന്നത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ടാങ്ക് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് വെള്ളം അതിവേഗത്തിൽ പുറത്ത് പാഞ്ഞൊഴുകി, സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറി.A huge water tank belonging to the Thammanam Water Authority collapsed; water entered houses.
1.38 കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുള്ള ടാങ്കിലാണ് അപകടം ഉണ്ടായത്. സംഭവസമയത്ത് ടാങ്കിൽ ഏകദേശം 1.10 ലക്ഷം ലിറ്റർ വെള്ളം ഉണ്ടായിരുന്നു. വെള്ളം പുറത്ത് ഒഴുകിയതോടെ വീടുകളുടെ അകത്ത് വരെ വെള്ളം കയറി നിരവധി സാധനങ്ങൾ നശിച്ചു. ചില വീടുകളിൽ കമ്പ്യൂട്ടർ, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, മോട്ടോർ തുടങ്ങിയവക്ക് വലിയ നാശനഷ്ടം സംഭവിച്ചു. വീടിന്റെ മതിൽ തകർന്നുവീണ് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ ഉണ്ടായി. പുതുതായി പണിത റോഡ് തകർന്നതോടൊപ്പം ചില ഇരുചക്രവാഹനങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന പമ്പിംഗ് സ്റ്റേഷനാണിത്, കൊച്ചി നഗരത്തിലെ ഏകദേശം 80 ശതമാനം ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഇവിടുനിന്നാണ് നടത്തുന്നത്. വാട്ടർ ടാങ്ക് തകർന്നതിനെ തുടർന്ന് തമ്മനം, കടവന്ത്ര, വൈറ്റില, കലൂർ, പനമ്പിള്ളിനഗർ, പാലാരിവട്ടം, പേട്ട, സൗത്ത് തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ള വിതരണം താൽക്കാലികമായി മുടങ്ങും. ആലുവയിൽ നിന്ന് വരുന്ന വെള്ളം ഇവിടെയാണ് സംഭരിക്കുന്നത് എന്നതിനാൽ വെള്ളം താൽക്കാലികമായി വഴിതിരിച്ചുവിടേണ്ടി വരും.
