കോട്ടയം: വൈക്കത്തിനടുത്ത് തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർ ദാരുണാന്ത്യം. അപകടത്തിൽ മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) ആണ്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഇദ്ദേഹം.Young doctor dies after car falls into canal in Vaikom
ഇന്ന് രാവിലെ നാട്ടുകാരാണ് ഒറ്റപ്പാലം രജിസ്ട്രേഷനുള്ള കാർ കനാലിൽ മറിഞ്ഞ നിലയിൽ കണ്ടത്. വിവരം ലഭിച്ചതോടെ പോലീസ്, ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. കാറിനുള്ളിൽ നിന്ന് ഡോ. അമൽ സൂരജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രാഥമിക നിഗമനപ്രകാരം, അപകടം കഴിഞ്ഞ ദിവസം രാത്രിയിലോ പുലർച്ചെയോ നടന്നതാകാമെന്ന് കരുതുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ചതായി പോലീസ് അറിയിച്ചു. തുടർനടപടികൾ പുരോഗമിക്കുകയാണ്.
