കോഴിക്കോട്: പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനം നിർത്തിയിരുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് കർശനമായ ഉപാധികളോടെ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ അനുമതി ലഭിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷനായ ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷൻ പ്രതിനിധികളുടെയും പരിശോധനാ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അനുമതി നൽകിയത്.Fresh cut waste plant opened; Plant re-approved with strict conditions
പുതിയ നിർദേശപ്രകാരം, പ്ലാന്റിൽ പ്രതിദിനം പരമാവധി 20 ടൺ മാലിന്യം മാത്രമേ സംസ്കരിക്കാവൂ (മുൻപരിധി 25 ടൺ ആയിരുന്നു). ദുർഗന്ധം കുറയ്ക്കുന്നതിന് വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണിവരെ പ്രവർത്തനം നിർത്തിവയ്ക്കും. പഴകിയ അറവ് മാലിന്യങ്ങൾ സ്വീകരിക്കുന്നത് പൂർണമായും നിരോധിക്കുകയും പുതുതായി ശേഖരിക്കുന്ന മാലിന്യം മാത്രമേ പ്രോസസ്സ് ചെയ്യാവൂ.
പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന ഓരോ വാഹനത്തിന്റെയും കൃത്യമായ വിവരങ്ങൾ അധികാരികളെ അറിയിക്കണം. മലിനജല ശുദ്ധീകരണ സംവിധാനം (ETP) സുതാര്യമായി പ്രവർത്തിക്കുന്നതും ഉറപ്പാക്കണം. ഇതിന്റെ ഭാഗമായി, ETPയിലെ വെള്ളം ആഴ്ചതോറും എൻ.ഐ.ടി.യിൽ പരിശോധനയ്ക്കായി സമർപ്പിക്കേണ്ടതുണ്ടെന്നും നിർദേശിച്ചിട്ടുണ്ട്.
