ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 2022 മാർച്ചിൽ സ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം മകൻ ഉൾപ്പെടെയുള്ള നാല് പേരെ തീകൊളുത്തിക്കൊന്ന കേസിലാണ് വിധി.Cheenikuzhi massacre: Death sentence for Hamid
ചീനിക്കുഴി സ്വദേശിയായ അബ്ദുൽ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് കൊലപ്പെടുത്തിയത്. വീടിനുള്ളിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു പ്രതി. തീ കെടുത്താതിരിക്കാൻ ടാങ്കിലെ വെള്ളം ഒഴിച്ചുകളയുകയും പൈപ്പുകൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു.
നിഷ്കളങ്കരായ നാല് പേരെ ജീവനോടെ കത്തിച്ച സംഭവത്തിൽ പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സമൂഹ മനഃസാക്ഷിയെ നടുക്കിയ കേസാണിതെന്നും, പ്രതിക്ക് ശിക്ഷയിലൂടെ കടുത്ത സന്ദേശം നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫൈസലിന് നൽകിയ കടമുറി തിരികെ വേണമെന്ന് പറഞ്ഞാണ് ഹമീദ് തർക്കം ആരംഭിച്ചത്. സ്വത്ത് കൈമാറാനാകില്ലെന്ന് മകൻ പറഞ്ഞതിനെ തുടർന്ന് പ്രതി കുടുംബത്തെ വീടിനുള്ളിൽ പൂട്ടി തീകൊളുത്തുകയായിരുന്നു.
