കേരളത്തിന്റെ മണ്ണിനെയും മനസ്സിനെയും ഉണര്‍ത്തി തുലാപ്പത്ത് വീണ്ടും പിറന്നു. വെളിപാടുറങ്ങുന്ന കാവുകളിലെ മതിലകങ്ങള്‍ക്കുള്ളില്‍ ചെണ്ടയുടെയും ചേങ്ങിലയുടെയും താളം മുഴങ്ങിത്തുടങ്ങി. ഇത്രനാളായി കല്ലിലൊതുങ്ങിയിരുന്ന ദേവന്മാര് മണ്ണിലിറങ്ങി ഭക്തരുടെ മുന്നില്‍ പ്രത്യക്ഷമാകുന്നു. ചതിയിലൂടെ ജീവന് നഷ്ടപ്പെട്ട മനുഷ്യരും ഇപ്പോൾ തീയുടെ കണ്ണുകളുള്ള തെയ്യങ്ങളായും, പുലിയുടെയും മുതലയുടെയും പാമ്പിന്റെയും രൂപത്തില്‍ ആടിത്തിമര്‍ക്കുന്ന ശക്തികളായും പിറവിയെടുക്കുന്നു.Tulapat is born: The Theyya season begins in North Kerala
ഇന്ന് പുലർച്ചെ തളിപ്പറമ്പ് കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍ വിഷകണ്ഠന്‍ തെയ്യത്തിന്റെ പുറപ്പാടോടെയാണ് വടക്കൻ കേരളത്തിലെ കളിയാട്ടക്കാലത്തിന് തുടക്കമായത്. ഒക്ടോബർ 26, 27 തീയതികളിലാണ് ഈ വര്‍ഷത്തെ പുത്തരി അടിയന്തിരം. ചിങ്ങമാസത്തിലും തുലാം ഒന്നിനുമൊക്കെയായി വടക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ തെയ്യം കെട്ടാറുണ്ടെങ്കിലും തുലാപ്പത്താണ് കളിയാട്ടക്കാലത്തിന്റെ പ്രധാന ദിനം. അന്നേദിവസം തന്നെ ചാത്തമ്പള്ളിക്കാവില്‍ വിഷകണ്ഠന്‍ ഉറഞ്ഞാടും.
സൂര്യന് സമൃദ്ധിയും സൗഭാഗ്യവും പകര്‍ന്നു നല്കുന്ന ദിനമാണെന്ന് വിശ്വാസമുള്ളത് തുലാമാസത്തിലെ പത്താമുദയം. മേടം, തുലാം മാസങ്ങളിലേതായി രണ്ട് പത്താമുദയങ്ങളുണ്ടെങ്കിലും തുലാമാസത്തിലെത്തേതാണ് തുലാപ്പത്ത് എന്ന പേരില്‍ പ്രസിദ്ധമായത്. കര്‍ഷകജീവിതത്തിനും ഗൃഹാനുഷ്ഠാനങ്ങള്ക്കുമൊക്കെ അത്യന്തം ശുഭദിനമായി കണക്കാക്കപ്പെടുന്നു. നാളുകളായി മാറ്റിവെച്ച കാര്യങ്ങള്‍ പോലും ഈ ദിവസം മുഹൂര്‍ത്തം നോക്കാതെ നടത്താറുണ്ട്.
പത്താമുദയം കന്നുകാലികളും ആലയും വയലും വിതപ്പാട്ടും ഓര്‍മ്മിപ്പിക്കുന്ന നാട്ടുപഴമയുടെ പ്രതീകമാണ്. വിളവെടുപ്പിന്റെ ശുഭാരംഭമായി ഈ ദിനം കാണപ്പെടുന്നു. കാലിച്ചേകവന്‍ ദേവനെ പ്രത്യേക പൂജകളാലും വിളക്ക് തെളിച്ചും പ്രീതിപ്പെടുത്തുന്നു. ഇടവപ്പാതിയോടെ അടച്ച കാവുകള്‍ തുറന്ന് അടിയന്തിരം നടക്കുന്ന ദിവസവുമാണ് ഇത്. വെളിച്ചപ്പാടന്മാര് ദൈവമൊഴികള്‍ ചൊല്ലുകയും കോലധാരികള്‍ക്കും ആചാരസ്ഥാനികര്‍ക്കും കൊടിയിലയില്‍ അവില്, പഴം, ഇളനീര് തുടങ്ങിയവ നല്‍കുകയും ചെയ്യും. തറവാട്ടിലെ പൂജാമുറിയില്‍നിന്ന് കൊളുത്തിയെടുത്ത തീയെടുത്ത് കന്നിമൂലയില്‍ അടുപ്പുകൂട്ടി ഉണക്കലരിപ്പായസം വേവിച്ച് കാലിച്ചേകവന്‍ ദൈവത്തിന് നിവേദിക്കും.

പണ്ടുകാലത്ത് പത്താമുദയനാളില്‍ പുലരുന്നതിനു മുന്‍പ് എഴുന്നേറ്റ് കണികാണുകയും കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്. വയനാട്ടിലെ കുറിച്യര്‍ ഈ ദിവസം ആയോധനകലകളുടെ പ്രദര്‍ശനവും നടത്താറുണ്ട്. ചിലയിടങ്ങളില്‍ സ്ത്രീകള്‍ “വെള്ളിമുറം കാണിക്കല്‍” എന്ന ആചാരം അനുഷ്ഠിക്കുന്നു — ഉണക്കലരി പൊടിച്ച് പൊടിയാക്കിയത് മുറ്റത്ത് വെച്ച് വിളക്ക് കൊളുത്തി ഉദയസൂര്യനെ ലക്ഷ്യമാക്കി പ്രാര്‍ത്ഥിക്കുന്നു. ഉദയം കഴിഞ്ഞാല്‍ ആ അരിപ്പൊടി ഉപയോഗിച്ച് പലഹാരം ഉണ്ടാക്കി പ്രസാദമായി കഴിക്കും.
സാധാരണക്കാരന്റെ സങ്കടവും പ്രതീക്ഷയും പങ്കിടാന്‍ ദൈവങ്ങള്‍ വീണ്ടും മണ്ണിലിറങ്ങുന്നു. പുത്തനുടുപ്പും ബന്ധുമിത്രാദികളുമൊത്തൊരു ഗ്രാമോത്സവമാണ് ഈ കാലം. മണ്ണും മനുഷ്യനും ഒരുമിച്ച് ജീവിച്ചിരുന്ന കാലത്തിന്റെ തിരുനാളാണിത്.കണ്ണൂര്‍ കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍ വിഷകണ്ഠന്‍ തെയ്യത്തിന്റെ പുറപ്പാടോടെയാണ് വടക്കൻ മലബാറിലെ തെയ്യക്കാലം ആരംഭിച്ചത്. കാവുകളിലും ക്ഷേത്രങ്ങളിലും തോറ്റംപാട്ടിന്റെ താളത്തില്‍ ചെണ്ടയും ചിലമ്പും മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഇടവപ്പാതിവരെ നീണ്ടുനില്‍ക്കുന്ന ഈ ആചാരകാലം വിശ്വാസത്തിന്റെയും ഉത്സവത്തിന്റെയും സംഗമമാണ്.
തെയ്യം കെട്ടിയാടുന്നവരില് വണ്ണാന്‍, മലയര്‍, വേലന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, മാവിലന്, ചിങ്കത്താന്‍, കോപ്പാളന്‍, പുലയന് തുടങ്ങിയ സമുദായങ്ങളാണ് പ്രധാനമായും പങ്കാളികള്‍. അനീതിയുടെ ഇരയായി കൊല്ലപ്പെട്ട വിഷകണ്ഠന്‍ ദേവനായി പിറവിയെടുത്ത കഥയാണ് ചാത്തമ്പള്ളിക്കാവില്‍ പ്രതിഫലിക്കുന്നത്. ചെക്കിപൂമാലയുടെ ചുവപ്പും കുരുത്തോലയുടെ ചമയവും കുത്തുവിളക്കിന്റെ കരിമഷിയും ചേർന്നാല്‍ അതാണ് തെയ്യം — അതായത് മനുഷ്യരൂപത്തില്‍ ദൈവം.
കണ്ടനാര്‍ കേളനായും, കതിവന്നൂര്‍ വീരനായും, കളരിയാല്‍ ഭഗവതിയായും — വടക്കന്‍ കേരളത്തിന്റെ കാവുകളെ ഇനി ആറുമാസത്തേക്ക് ചെമ്പട്ടിന്റെയും ചിലമ്പിന്റെയും മുഴക്കത്താല്‍ നിറയ്ക്കാന്‍ തെയ്യങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു.
