എറണാകുളം: പിഎം ശ്രീയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസഭാ അംഗങ്ങൾക്കും അറിയാതെയാണ് സർക്കാർ പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐയുടെ നിലപാട് പൂർണമായും അവഗണിച്ചാണ് തീരുമാനം എടുത്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.Opposition leader V.D. Satheesan attacks PM Shri
“സംസ്ഥാനത്ത് നടപ്പാക്കുന്നത് ആർഎസ്എസിന്റെ അജണ്ടയാണ്. പണ്ട് സിപിഎം-ബിജെപി ഇടനിലക്കാരൻ ശ്രീ എം ആയിരുന്നെങ്കിൽ, ഇപ്പോൾ അത് പിഎം ശ്രീ ആയി മാറിയിരിക്കുകയാണ്,” — വി.ഡി. സതീശൻ പരിഹസിച്ചു. സംസ്ഥാനങ്ങളുടെ മേൽ കേന്ദ്രനയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഈ പദ്ധതി; അതുപോലെ തന്നെ എൻഇപി, ആയുഷ്മാൻ പദ്ധതിയും സംസ്ഥാനത്തെത്തി. ആരോടും ആലോചിക്കാതെ സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമാണിതെന്നും അദ്ദേഹം വിമർശിച്ചു.
“പദ്ധതിയിലൂടെ ലഭിക്കുന്ന തുകയോട് എതിർപ്പ് ഇല്ല, പക്ഷേ നിബന്ധനകളാണ് പ്രശ്നം. ഇത്രയും അപമാനങ്ങൾ സഹിച്ച് സിപിഐ മുന്നണിയിൽ തുടരണമോ എന്നത് അവർ തീരുമാനിക്കണം. മുഖ്യമന്ത്രിക്ക് എന്ത് രാഷ്ട്രീയ സമ്മർദമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം,” — സതീശൻ പറഞ്ഞു.
അതേസമയം, സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. “മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ബിനോയ് വിശ്വവുമായി നടത്തിയിട്ടില്ല. സൗഹൃദ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ബിനോയ് വിശ്വം തയ്യാറാണെങ്കിൽ, തങ്ങളും സംഭാഷണത്തിന് തയ്യാറാണ്,” — അടൂർ പ്രകാശ് വ്യക്തമാക്കി.
