കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിന് നേതൃത്വം നൽകിയതെന്ന് ആരോപിച്ച് എസ്ഡിപിഐ, ഡിവൈഎഫ്ഐ പ്രവർത്തകരെതിരെ രംഗത്ത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്ക് എതിരെ കേസെടുത്തു. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.Thamarassery Fresh Cut clash; SDPI says DYFI activists led the clash
എസ്ഡിപിഐയുടെ ആരോപണമനുസരിച്ച്, ഫാക്ടറിയിൽ തീ കൊളുത്തിയും ആക്രമണം നടത്തിയതും ഡിവൈഎഫ്ഐ പ്രവർത്തകരാണ്. ജനകീയ സമരങ്ങളെ അടിച്ചമർത്താനാണ് സിപിഎം പോലീസിനെ ഉപയോഗിക്കുന്നതെന്നും ഫ്രഷ് കട്ട് മാനേജ്മെന്റിന് സംരക്ഷണം നൽകുകയാണെന്നും എസ്ഡിപിഐ ആരോപിച്ചു. “ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ സമരത്തോടൊപ്പം എസ്ഡിപിഐ ഉറച്ച് നിൽക്കും,” എന്നും സംഘടന വ്യക്തമാക്കി.
അതേസമയം, സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ വ്യത്യസ്തമാണ്. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ എസ്ഡിപിഐ പ്രവർത്തകരാണ് സംഘർഷം അഴിച്ചുവിട്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സമരത്തിന് രാഷ്ട്രീയ മുഖമില്ലെങ്കിലും, നേതൃത്വം എസ്ഡിപിഐയാണ് നൽകുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് സംഘർഷം തടയാനാണ് ശ്രമിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. എസ്ഡിപിഐയുടെ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമരശ്ശേരി കാട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യസംസ്കരണ കേന്ദ്രത്തിലും വാഹനങ്ങളിലുമുണ്ടായ തീപിടിത്തത്തിൽ 10 ലോറികൾ അടക്കം 15 വാഹനങ്ങളും ഫാക്ടറിയും പൂർണ്ണമായി നശിച്ചു. അഞ്ച് വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള നടപടികൾ പൊലീസ് തുടരുകയാണ്.
