തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചിരുന്നു, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.Sabarimala gold robbery: Murari Babu arrested
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ എസ്ഐടി സംഘം പെരുന്നയിലെ വീട്ടില്‍ നിന്ന് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണപ്പാളിയെ ചെമ്പുപാളിയായി രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ആദ്യമായി ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലാണ്.
2024-ല്‍ മുരാരി ബാബു എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ, സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന് പോറ്റിക്കു നല്‍കിയതായാണ് വിവരം. ശബരിമലയിലെ സ്വര്‍ണമോഷണത്തിന് കളമൊരുക്കിയത് ഉദ്യോഗസ്ഥ അട്ടിമറിയായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ബോര്‍ഡ് തീരുമാനം മറികടന്ന്, ഉദ്യോഗസ്ഥര്‍ ശില്പ്പങ്ങള് ഉണ്ണികൃഷ്ണന് പോറ്റിയുടെ കയ്യിലേക്ക് കൈമാറിയതായും വിചാരണ റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പിന്നില്‍ ദേവസ്വം സെക്രട്ടറിയുടെ ഇടപെടലുണ്ടായിരുന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശില്പ്പങ്ങള് തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തില്‍ കൊണ്ടുപോകണമെന്നായിരുന്നു ബോര്‍ഡ് തീരുമാനമെന്നും റിപ്പോര്‍ട്ട് പറയുന്നു.
സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിന് ശേഷം പ്രത്യേക അന്വേഷണസംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പോറ്റിയില്‍നിന്ന് രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
