പാലക്കാട്: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തുവിട്ട കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും, ഇതിൽ ദേവസ്വം വകുപ്പ് മന്ത്രി വി. എന്. വാസവൻ ഉടൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു.Sabarimala gold loot: V.D. Satheesan demands resignation of Devaswom Minister
ജൂലൈ മുപ്പതിന് തിരുവാഭരണ കമ്മീഷണർ മദ്രാസിലെ കമ്പനി വിശ്വസിക്കാൻ കൊള്ളില്ലെന്നും സ്വർണപ്പാളി കൊണ്ടുപോകരുതെന്നും പറഞ്ഞു. എന്നാൽ ഓഗസ്റ്റ് എട്ടിന് കമ്മീഷണർ നിലപാടിൽ കീഴ്മേൽ മറിഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് അത് കൈമാറണമെന്ന് പറഞ്ഞത്. ഈ മാറ്റത്തിന് പിന്നിൽ നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്തിന്റെ ഇടപെടലാണെന്ന് ഹൈക്കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ ദ്വാരപാലക ശിൽപം വരെ വിറ്റുകളയുമായിരുന്നുവെന്ന് വ്യക്തമാണ്. ആറുവർഷത്തിനുള്ളിൽ നാൽപ്പത് വർഷത്തെ വാറന്റിയുള്ള വസ്തു മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും കൊടുത്തത് വലിയ കവർച്ചയുടെ ഭാഗമാണ്. ദേവസ്വം മാന്വലും കോടതി വിധിയും ലംഘിച്ചാണ് നിലവിലെ ബോർഡ് പ്രവർത്തിച്ചത്,” – സതീശൻ ആരോപിച്ചു.
ഹൈക്കോടതിയുടെ നിരീക്ഷണപ്രകാരം ദേവസ്വം പ്രസിഡന്റ് നേരിട്ടും കമ്മീഷണറുടെ നിലപാട് മാറ്റത്തിൽ പങ്കാളിയായിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ അദ്ദേഹം ആ സ്ഥാനത്ത് തുടരാനർഹനല്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു. “ദേവസ്വം ബോർഡ് തന്നെയാണ് പ്രതി. പ്രസിഡന്റ് കള്ളനാണ്, സ്വർണക്കള്ളനാണ്. അത്തരം ആളുകൾക്കെല്ലാം സ്ഥാനത്ത് ഇരിക്കാനാവില്ല. ശബരിമലയിലെ കട്ടിലും കതകും ദ്വാരപാലക ശിൽപവും വിറ്റുകളഞ്ഞു, ഇനി ബാക്കിയുള്ളത് അയ്യപ്പന്റെ സ്വർണവിഗ്രഹം മാത്രമാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ അതും കൊണ്ടുപോകുമായിരുന്നുവെന്ന്” അദ്ദേഹം പറഞ്ഞു.
പിഎം-ശ്രി പദ്ധതിയെ കുറിച്ചും സതീശൻ പ്രതികരിച്ചു. “രണ്ടുവർഷം മുമ്പ് കേന്ദ്ര സർക്കാരിന്റെ പേര് ബോർഡിൽ എഴുതാൻ പാടില്ലെന്ന് പറഞ്ഞവരാണ് ഇപ്പോൾ അതേ പേരെഴുതിയത്. ഇതിലൂടെ നഷ്ടപ്പെട്ടത് രണ്ട് വർഷം സമയംയും പണവുമാണ്. പിഎം-ശ്രി പദ്ധതിയിൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയ അജണ്ട ഒളിഞ്ഞിരിക്കുന്നു. എന്നാൽ സർക്കാർ ആ നിബന്ധനകൾ ഒഴിവാക്കി കേന്ദ്രസഹായം സ്വീകരിക്കുന്നത് എതിർക്കുന്നില്ല. കേന്ദ്രത്തിന്റെ പണം മോദിയുടെ വീട്ടിലേതല്ല, ജനങ്ങളുടെ നികുതി പണമാണ്,” – സതീശൻ പറഞ്ഞു.
പദ്ധതിയിൽ സിപിഐയുടെ വിരോധാഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “ഏത് സിപിഐ?” എന്ന് ചോദിച്ച എം. വി. ഗോവിന്ദന്റെ പ്രസ്താവനയെ വിമർശിച്ച സതീശൻ പറഞ്ഞു: “ഇങ്ങനെ നാണക്കേട് സഹിച്ച് എൽഡിഎഫിൽ സിപിഐ തുടരേണ്ടതുണ്ടോ? മുസ്ലിം ലീഗിനെപ്പറ്റി ഇതുപോലെ ചോദിക്കാൻ ധൈര്യമുണ്ടോ? സിപിഐയുടെ ഈ നില കാണുമ്പോൾ എനിക്ക് തന്നെ സങ്കടം തോന്നുന്നു.”
