തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 78-കാരിയായ പോത്തൻകോട് സ്വദേശിനിയാണ് രോഗബാധയെ തുടര്ന്ന് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ടാമത്തെ മരണമാണിത്.Another amoeba dies of encephalitis in the state
രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം ഇപ്പോഴും ആരംഭിച്ചിട്ടില്ല. രോഗവ്യാപനത്തിന് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള പഠനത്തിലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസ് കൺട്രോൾ പഠനം ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. പഠന മാതൃക മാത്രമാണ് തയ്യാറായിട്ടുള്ളത്; ഫീൽഡിൽ നിന്നും വിവരശേഖരണം ഇതുവരെ തുടങ്ങിയിട്ടില്ല. പഠനം എപ്പോൾ പൂർത്തിയാകുമെന്ന് സംബന്ധിച്ച വ്യക്തമായ സമയപരിധിയും നിശ്ചയിച്ചിട്ടില്ല.
കഴിഞ്ഞ വർഷം 38 പേർക്ക് മാത്രമായിരുന്നു അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഈ വർഷം ഇതുവരെ 129 കേസുകളാണ് റിപ്പോർട്ട് ചെയ്തത് — ലോകത്ത് അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ രോഗം ഇപ്പോൾ കേരളത്തിൽ ദിനംപ്രതി രണ്ടും മൂന്നും പേരിൽ വീതം കണ്ടെത്തപ്പെടുന്ന അവസ്ഥയാണ്.
ആരോഗ്യമന്ത്രി പഠനം നടക്കുകയാണെന്ന് വ്യക്തമാക്കിയെങ്കിലും ഒന്നരമാസം പിന്നിട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ കാര്യമായ നീക്കമൊന്നും നടത്തിയിട്ടില്ല. സിഇടിയിലെ എൻവയോൺമെന്റൽ എഞ്ചിനിയറിംഗ് വിഭാഗം, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് എന്നിവ ചേർന്നാണ് പഠനം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ പഠനം പുരോഗമിക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല.
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും അതീവഗുരുതരവുമായ രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഇതിന് കാരണം. മലിനമായ കുളങ്ങൾ, പുഴകൾ, കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയവയിൽ കുളിക്കുമ്പോൾ അമീബ മൂക്കിലൂടെ ശരീരത്തിൽ കടക്കുകയും തുടർന്ന് തലച്ചോറിൽ എത്തി അണുബാധ സൃഷ്ടിക്കുകയും ചെയ്യുന്നു.
മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുമ്പോൾ മെനിംഗോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നു. രോഗത്തിന്റെ മരണനിരക്ക് 97 ശതമാനത്തിലധികമാണ്. എങ്കിലും രോഗം മനുഷ്യരിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നില്ല.
