നാല് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സംസ്ഥാനത്ത് എത്തും. വൈകിട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല ദർശനം നടത്തും. രാവിലെ നിലയ്ക്കൽ ഹെലിപാഡിൽ എത്തിച്ചേരുന്ന രാഷ്ട്രപതി, തുടർന്ന് റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും ശബരിമല ദർശനം. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തെ മുന്നിൽകണ്ടു തിരുവനന്തപുരം നഗരത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.President Draupadi Murmu in Kerala today
ശബരിമല ദർശനത്തിന് ശേഷം രാഷ്ട്രപതി തിരുവനന്തപുരത്ത് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. ഒക്ടോബർ 23ന് രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ്റെ പ്രതിമ അനാച്ഛാദനം നടക്കും. ഉച്ചയ്ക്ക് 12.50ന് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടർന്ന് പാലാ സെൻ്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കും. അന്നേദിവസം രാഷ്ട്രപതി കുമരകത്തിൽ താമസിക്കും.
ഒക്ടോബർ 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ശേഷം രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.
