പാലക്കാട്: 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി തള്ളി. കുട്ടിയുടെ ആത്മഹത്യയിൽ അധ്യാപകർക്ക് പങ്കില്ലെന്ന് സൂചിപ്പിച്ചിരുന്ന റിപ്പോർട്ടാണ് മന്ത്രി നിരാകരിച്ചത്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി, റിപ്പോർട്ട് പുതുക്കി സമർപ്പിക്കണമെന്ന് നിർദേശിച്ചു. അതേസമയം, വകുപ്പുതല അന്വേഷണം വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.Palakkad student suicide: Minister rejects Deputy Director’s report
കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെത്തി പൊലീസ് അധ്യാപകരിൽ നിന്ന് മൊഴിയെടുത്തു. ഇൻസ്റ്റഗ്രാം സന്ദേശത്തിൽ ഉപയോഗിച്ചിരുന്ന മോശം ഭാഷയെക്കുറിച്ച് വിദ്യാർത്ഥികളെ ഉപദേശിച്ചതായാണ് അധ്യാപകർ വിശദീകരിച്ചത്. സ്കൂൾ വരാന്തയിലെയും പ്രധാനാധ്യാപികയുടെ മുറിയിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അടുത്ത ഘട്ടത്തിൽ സഹപാഠികളുടെയും മൊഴികൾ എടുക്കും.
അർജുന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുഴൽമന്ദം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവശേഷം ചില അധ്യാപകർ അർജുന്റെ സുഹൃത്തുകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും പൊലീസ് പരിശോധിക്കുന്നു.
ഇതിനിടെ, അർജുന്റെ മരണത്തിൽ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സ്കൂൾ മുറ്റത്ത് പ്രതിഷേധിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളും പ്രധാനാധ്യാപികയെ ഉപരോധിച്ചു. അധ്യാപികയുടെ ഭാഗത്ത് നിന്ന് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന പ്രധാനാധ്യാപികയുടെ നിലപാടിനെ തുടർന്ന് പ്രതിഷേധം ശക്തമായി. തുടർന്ന് സ്കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടു.
അതേസമയം, സ്കൂൾ അധികൃതർ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കുട്ടിക്ക് വീട്ടിൽ നിന്നുള്ള സമ്മർദ്ദങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പ്രധാനാധ്യാപികയുടെ വിശദീകരണം. “ഒരു അധ്യാപികയും ഒരു കുട്ടിയെ മരിക്കണമെന്ന് ആഗ്രഹിക്കില്ല. വിഷയത്തിൽ വിശദമായ ചർച്ചയ്ക്കുശേഷം മാത്രമേ തുടർനടപടി സ്വീകരിക്കൂ,” എന്നാണ് സ്കൂൾ അധികൃതരുടെ പ്രതികരണം.
