കാലിക്കറ്റ് സര്‍വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന നൂറോളം യുഡിഎസ്എഫ് പ്രവര്‍ത്തകരാണ് പ്രതികളായി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. പൊലീസിനെതിരെ കല്ലെറിഞ്ഞ സംഭവത്തിലാണ് കേസ്. അക്രമത്തിനിടെ ഒരു പൊലീസുകാരന് കണ്ണിന് ഗുരുതരമായി പരിക്കേറ്റു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.Calicut University clash: Case filed against UDSF activists
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അക്രമത്തിന് ഗൂഢാലോചന നടത്തിയതാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഡി.എസ്.യു. വോട്ടെണ്ണലിനിടെ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായും ബാലറ്റ് പെട്ടി കവര്‍ന്നതായും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഇ.എം.എസ്. ചെയര്‍ തകര്‍ത്ത സംഭവവും എസ്എഫ്ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ എംഎസ്എഫ് ശ്രമിക്കുന്നതാണെന്നും അവരുടെ കിരാതനടപടികള്‍ വെളിച്ചത്തേക്ക് കൊണ്ടുവരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.
അതേസമയം, മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ ഒരു വര്‍ഗീയവാദിയുടെയും സഹായം തേടിയിട്ടില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. എം.എസ്.എഫ് – കെ.എസ്.യു തര്‍ക്കം നിലനില്‍ക്കുന്ന ക്യാമ്പസായതിനാല്‍ ഇതില്‍ മനം മടുത്ത് എല്ലാ വിദ്യാര്‍ത്ഥികളും വോട്ട് രേഖപ്പെടുത്തിയതാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.
