കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം തിരിച്ചുപിടിക്കണമെന്ന നടൻ ദുൽഖർ സൽമാന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ നിഷേധിച്ചു. “അന്വേഷണം പുരോഗമിക്കുകയല്ലേ?” എന്ന് ചോദിച്ച കോടതി, ഇപ്പോൾ വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.High Court refuses to intervene in Dulquer’s Land Rover petition
വാഹനം വിദേശത്തുനിന്ന് കടത്തിയതാണെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. അന്വേഷണം ആരംഭ ഘട്ടത്തിലായതിനാൽ ഹർജി ഇപ്പോൾ പരിഗണനയോഗ്യമല്ലെന്നും കസ്റ്റംസ് വാദിച്ചു.
ദുൽഖറിന്റെ മറ്റു രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അതിനെതിരെ താരം നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് കസ്റ്റംസ് ആക്ട് പ്രകാരമുള്ള നടപടിയാണെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി കസ്റ്റംസ് അഭിഭാഷകനോട് നിർണായകമായ ചോദ്യങ്ങൾ ഉന്നയിച്ചു. വർഷങ്ങളായി പല കൈകളിലൂടെ കൈമാറി വന്ന ഒരു വാഹനമാണ് കസ്റ്റംസ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത് എന്ന വസ്തുത കോടതി ചൂണ്ടിക്കാട്ടി. ഈ വാഹനത്തിന്റെ ഒടുവിലത്തെ ഉടമ മാത്രമാണ് നടൻ ദുൽഖർ സൽമാൻ. ഈ സാഹചര്യത്തിൽ, വിദേശത്തുനിന്ന് കടത്തിയതായി ആരോപിക്കപ്പെടുന്ന ഈ കേസിൽ യഥാർത്ഥത്തിൽ ഉത്തരവാദി ആരാണ് എന്നും കോടതി ആരാഞ്ഞു. കസ്റ്റംസിന്റെ നടപടിക്രമങ്ങളെയും വാഹനത്തിന്റെ ഉടമസ്ഥാവകാശ ചരിത്രത്തെയും കുറിച്ചുള്ള വ്യക്തത വരുത്താനാണ് കോടതി ശ്രമിച്ചത്.
