കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. രക്തസമ്മർദ്ദക്കുറവ്, ഹൃദയമിടിപ്പിലെ അസാധാരണത, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ പ്രശ്നങ്ങൾ എന്നിവയാണ് മഅ്ദനിയെ ബാധിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവന്നത്.PDP Chairman Abdul Nasser Madani hospitalized again
കഴിഞ്ഞ ഫെബ്രുവരിയിൽ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം മഅ്ദനി ദീർഘകാലം ചികിത്സ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച മഅ്ദനിക്ക് എക്കോ, ഇ.സി.ജി, എക്സ്-റേ, ഡോപ്ലർ സ്കാൻ തുടങ്ങിയ വിവിധ പരിശോധനകൾ നടത്തി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നേഫ്രോളജിസ്റ്റ് ഡോ. പി.എച്ച്. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വിശദമായ പരിശോധനകളും നിരീക്ഷണങ്ങളും തുടരുകയാണ്.
ഇതിനിടെ, അബ്ദുൾ നാസർ മഅ്ദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം വിചാരണ കോടതിയെ നിർദ്ദേശിച്ചിരുന്നു. കേസിലെ സഹപ്രതി താജുദ്ദീൻ നൽകിയ ഹർജിയിലൂടെയാണ് സുപ്രീംകോടതി ഇടപെട്ടത്.
വിചാരണ അനാവശ്യമായി നീണ്ടുപോകുന്നതിനെതിരെ താജുദ്ദീൻ കോടതിയെ സമീപിച്ചിരുന്നു. 16 വർഷമായി ജയിലിൽ കഴിയുന്നുവെന്നും നടപടികൾ വേഗത്തിലാക്കണമെന്നും തന്റെ അഭിഭാഷകൻ മുഖേന അദ്ദേഹം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
