ശബരിമലയിലെ സ്വർണ്ണപാളി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം ഇന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരും. അജണ്ട നിശ്ചയിക്കാതെ വിളിച്ചിരിക്കുന്ന ഈ യോഗത്തിൽ, സ്വർണ്ണപാളി, പീഠം തുടങ്ങിയ വിഷയങ്ങളിൽ സമഗ്രാന്വേഷണം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കും.Sabarimala gold layer controversy: Devaswom board meeting today
1999 മുതൽ 2025 വരെയുള്ള എല്ലാ ഇടപാടുകളും ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നതാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ഇതുസംബന്ധിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതിനൊപ്പം, ആവശ്യമായാൽ പൊലീസിനോടും പരാതി നൽകുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.
അതേസമയം, മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ അഭിമുഖവും ഇന്ന്, നാളെയും ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. അഭിമുഖത്തിനായി ശബരിമല തന്ത്രി ആസ്ഥാനത്ത് എത്തും. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് 53 പേരും, മാളികപ്പുറം മേൽശാന്തി സ്ഥാനത്തേക്ക് 36 പേരും യോഗ്യത നേടിയിട്ടുണ്ട്. പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാൻ ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്.
