സംസ്ഥാനത്ത് കഴിഞ്ഞ നാലര വർഷത്തിനിടെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 22 കോടിയിലധികം രൂപ ചെലവിൽ നദി-നദീതീര സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കിയതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. നദി-നദീതീര സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.More than Rs 22 crore spent on river and riverbank protection: Minister K. Rajan
രാജ്യത്ത് നദി-നദീതീര സംരക്ഷണത്തിനും മണൽവാരൽ നിയന്ത്രണത്തിനുമായി നിയമം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. 2001-ൽ നിയമസഭയിൽ പാസായ കേരള നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണ നിയമം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായതായി മന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിലെ 44 നദികളെയും അവയുടെ പോഷകനദികളെയും സംരക്ഷിക്കാൻ ത്രിതല സംവിധാനമാണ് നിയമം വഴി ഉറപ്പാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാന ഉന്നതതല സമിതിയും ജില്ലാ വിദഗ്ധ സമിതികളും രൂപീകരിച്ചിട്ടുണ്ട്.
2018ലെ പ്രളയകാലത്ത് പ്രകൃതിയെ സംരക്ഷിക്കാമെന്ന് എടുത്ത പ്രതിജ്ഞകൾ പിന്നീട് മറന്നുവെന്ന വിമർശനവും മന്ത്രി ഉന്നയിച്ചു. പ്രളയം ബാധിച്ച പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, പെരിയാർ, ചാലക്കുടി, ഭാരതപ്പുഴ എന്നീ ഏഴ് നദികളിൽ ഫ്ലഡ് ലെവൽ മാർക്കിംഗ് സർവേ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. അനധികൃത മണൽവാരലിനെതിരെ കർശന നടപടി തുടരുന്നതായും മന്ത്രി വ്യക്തമാക്കി.
ശില്പശാലയിൽ ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർമാരായ അനു കുമാരി, ദേവിദാസ് എൻ, പ്രേംകൃഷ്ണൻ എസ്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, നിയമ വകുപ്പ് സെക്രട്ടറി കെ.ജി. സനൽകുമാർ, ആർ.എം.എഫ് സംസ്ഥാന ഉന്നതതല സമിതി അംഗം ആർ. അജയൻ, ഐ.എൽ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ അനു എസ്. നായർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദഗ്ധ സമിതി അംഗങ്ങൾ, നദി സംരക്ഷണ സംഘടനാ പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നദികളുടെ ജൈവ-ഭൗതിക പാരിസ്ഥിതിക വ്യവസ്ഥ സംരക്ഷിക്കാനും നദീതട പരിപാലനത്തിനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്താനും ജില്ലാ തല വിദഗ്ധ സമിതി അംഗങ്ങളെ ബോധവൽക്കരിക്കാനുമാണ് സംസ്ഥാനത്ത് മൂന്ന് മേഖലാ ശില്പശാലകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
