കൊല്ലം: അമിതവേഗത്തിൽ എത്തിയ മീൻവണ്ടി ഇടിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരനായ വിദ്യാർത്ഥി രോഹിത് മരിച്ചു. മൂതാക്കര സുനാമി ഫ്ലാറ്റ് 149-ൽ ജോസഫ് അലക്സ്–തസ്നസ് ദമ്പതിമാരുടെ മകനാണ് മരിച്ചത്.Eleven-year-old dies after being hit by fishing boat
കൂട്ടുകാരുമായി ഫുട്ബോൾ കളിക്കാൻ പോകുന്നതിനിടെ, പോർട്ട് റോഡിൽ ഡിവൈഡർ കടന്ന് നടന്ന് പോകുമ്പോഴായിരുന്നു അപകടം. പോർട്ടിൽ നിന്നിറങ്ങി വന്ന വണ്ടി കുട്ടിയെ ഇടിച്ചതോടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ രോഹിത്തിന് മുകളിൽ അതേ വണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങിയിരുന്നു.
പോർട്ടിന് മുന്നിൽ മീൻവിപണിയുടെ തിരക്കിനിടെയാണ് സംഭവം നടന്നത്. തങ്കശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു വണ്ടി. പെട്ടെന്ന് വേഗം കൂട്ടിയതായാണ് ദൃക്സാക്ഷികളുടെ മൊഴി. നാട്ടുകാരും പ്രദേശവാസികളും ഓടിയെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനം ജോനകപ്പുറത്ത് നാട്ടുകാർ വളഞ്ഞ് പിടികൂടി. തുടർന്ന് ഡ്രൈവറെ പൊലീസിനു കൈമാറി. രോഹിതിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മൂതാക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും. സഹോദരൻ: ഏദൻ.
സംഭവത്തിൽ പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
