ചങ്ങനാശ്ശേരി: എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ശബരിമല വിഷയത്തിലെ സമീപകാല നിലപാട് മാറ്റത്തിനെതിരെ ചങ്ങനാശ്ശേരിയിലെ ഒരു കുടുംബം സംഘടനാ അംഗത്വത്തിൽ നിന്ന് രാജിവച്ചു. പുഴവാത് സ്വദേശിയായ ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ, ഗൗരി ഗോപൻ എന്നിവർ ചേർന്നാണ് രാജികത്ത് സമർപ്പിച്ചത്.Four members of a family in Changanassery resign from NSS membership
ഇവർ അംഗങ്ങളായിരുന്ന എൻ.എസ്.എസ്. കരയോഗം 253-ന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കാണ് രാജികത്ത് കൈമാറിയത്. ശബരിമലയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സ്വീകരിച്ച നിലപാടുകളോടുള്ള ശക്തമായ വിയോജിപ്പാണ് രാജിക്ക് പ്രധാന കാരണം എന്ന് ഗോപകുമാർ സുന്ദരൻ വ്യക്തമാക്കി.
ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്വും സംഘടനാപരമായ നിലപാടുകളിൽ പ്രകടിപ്പിച്ച പക്ഷപാതപരമായ അഭിപ്രായങ്ങളും രാജിക്ക് പിന്നിലെ മറ്റൊരു പ്രധാന ഘടകമെന്ന് കുടുംബം കത്തിൽ വ്യക്തമാക്കി. ഒരേ കുടുംബത്തിലെ നാല് പേരുടെ കൂട്ടരാജി എൻ.എസ്.എസ്. നേതൃത്വം സ്വീകരിച്ച നിലപാടുകളോട് ഉയർന്ന പ്രതിഷേധമായാണ് കാണപ്പെടുന്നത്.
