കൊച്ചി: ‘ഓപ്പറേഷൻ നുംഖൂർ’ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാനായി കൊച്ചി കസ്റ്റംസ് കമ്മീഷണർ ഡോ. ടി. ടിജു നടത്തിയ വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായൊരു തിരിമറി. സമ്മേളനം നടന്നു കൊണ്ടിരിക്കെ എത്തിയ രഹസ്യഫോൺ വിളിക്ക് പിന്നാലെ പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.Operation Numkhur: Mysterious interference in customs press conference
മാധ്യമങ്ങൾക്ക് അടിസ്ഥാനരഹിതമായ വിവരങ്ങൾ പുറത്ത് പോയെന്ന സൂചനകളോടെയാണ് ഉന്നത തലത്തിൽ നിന്നുള്ള ഇടപെടൽ ഉണ്ടായത്. തുടർന്ന്, ‘ഓപ്പറേഷൻ നുംഖൂർ’ വിശദീകരണം നിർത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു നിർദേശം ലഭിച്ചു. എങ്കിലും, പരിശോധന നടപടികൾ തുടരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. അതിനാലാണ് വിവരങ്ങൾ മറ്റ് കേന്ദ്ര ഏജൻസികളുമായി പങ്കുവെയ്ക്കാൻ നീക്കമെന്നാണു സൂചന. ഭൂട്ടാനിൽ നിന്നടക്കം അനധികൃതമായി വാഹനങ്ങൾ കടത്തുന്നതിന് പിന്നിൽ കോയമ്പത്തൂർ ആസ്ഥാനമായ സംഘം പ്രവർത്തിച്ചുവെന്നാണ് അന്വേഷണം വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 200-ഓളം വാഹനങ്ങൾ കേരളത്തിലെത്തിച്ചതായും കണ്ടെത്തി.
ഇന്ത്യൻ ആർമിയുടെയും ഇന്ത്യൻ എംബസിയുടെയും പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ച് പരിവാഹൻ സൈറ്റിൽ കൃത്രിമം കാട്ടിയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. ഇതോടൊപ്പം ജി.എസ്.ടി തട്ടിപ്പും നടന്നു. കണ്ടെയ്നറുകളിൽ കാറുകൾക്കൊപ്പം കള്ളപ്പണം, സ്വർണം, മയക്കുമരുന്ന് എന്നിവയും കടത്തിയിട്ടുണ്ടോയെന്ന സംശയവും അന്വേഷണ ഏജൻസികൾക്കുണ്ട്.
തീവ്രവാദ ബന്ധം നിഴലിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടെ സഹകരണം തേടാനാണ് സാധ്യത. കടത്തിയ വാഹനങ്ങൾ ഭൂട്ടാൻ ആർമിയുടേതാണോയെന്ന് സ്ഥിരീകരണം ഇനിയും ലഭ്യമായിട്ടില്ല. തുടർനടപടികളുടെ ഭാഗമായി സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള ചില വാഹന ഉടമകളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും, ആവശ്യമായാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
