പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ നിയമസഭയിൽ കനത്ത വിമർശനം ഉന്നയിച്ചു. കേരളം എപ്പോൾ ആണ് പൂർണമായും രോഗമുക്തമാകുന്നത്?” എന്ന ചോദ്യവുമായി അദ്ദേഹം രംഗത്തെത്തി. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണനിരക്ക് വർദ്ധിച്ചെന്നും, ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണവും ഉയർന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.Opposition leader VD Satheesan sharply criticizes the Health Minister
“ലോകത്തെല്ലാ രോഗങ്ങളും കേരളത്തിലേക്ക് എത്തിയിരിക്കുന്നു. ഇപ്പോൾ അമീബിക് മസ്തിഷ്കജ്വരം കൂടി ചേർന്നപ്പോൾ സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. ചികിത്സാ പ്രോട്ടോക്കോൾ വരെ തയ്യാറാക്കിയിട്ടില്ല, വിദഗ്ധരുടെ സഹായവും തേടിയിട്ടില്ല. 15 ദിവസത്തിനുള്ളിൽ എട്ട് മരണങ്ങൾ, മൊത്തം 19 മരണം — ഇതെല്ലാം സർക്കാർ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു,” എന്നും അദ്ദേഹം വിമർശിച്ചു.
2013ലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനുള്ള മന്ത്രിയുടെ ശ്രമം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, കേരളത്തിൽ ആദ്യത്തെ അമീബിക് മസ്തിഷ്കജ്വര കേസ് 2016ൽ റിപ്പോർട്ട് ചെയ്തതാണ് യാഥാർത്ഥ്യമെന്നും സതീശൻ വ്യക്തമാക്കി. “ആരോഗ്യകേരളത്തെ വെന്റിലേറ്ററിൽ നിന്നും രക്ഷിക്കേണ്ട സാഹചര്യം സർക്കാരിന്റെ അനാസ്ഥ കൊണ്ടാണ് ഉണ്ടായിരിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുപടിയായി, മന്ത്രി വീണാ ജോർജ് സർക്കാരിനെതിരായ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. ശിശുമരണ നിരക്ക് യുഡിഎഫ് സർക്കാരിന്റെ കാലത്ത് 12 ആയിരുന്നു, അത് എൽഡിഎഫ് സർക്കാർ അഞ്ചായി കുറച്ചു. ഹൃദയാഘാത മരണനിരക്കും 6 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നത്,” എന്ന് മന്ത്രി പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ച് പ്രതികരിക്കവെ, “അമീബ എല്ലാത്തരം ജലസ്രോതസ്സുകളിലും കാണപ്പെടുന്നുണ്ട്. 2016ൽ ആദ്യ കേസ് കണ്ടെത്തിയത് സമഗ്ര പരിശോധനകൾക്ക് ശേഷമാണ്. 70% മസ്തിഷ്കജ്വരങ്ങൾക്ക് രാജ്യത്ത് പോലും കാരണം വ്യക്തമാക്കാൻ സാധിക്കുന്നില്ല. എന്നാൽ കേരളത്തിൽ എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനങ്ങളുണ്ട്,” എന്നും മന്ത്രി വ്യക്തമാക്കി.
ജലാശയങ്ങൾ ശുചീകരിച്ച് ക്ലോറിനേറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും, സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാൻ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങുമെന്നും പ്രഖ്യാപിച്ചു.
അതേസമയം, തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കുളത്തിൽ കുളിച്ച പതിനേഴുകാരനിൽ പുതിയ അമീബിക് മസ്തിഷ്കജ്വര കേസും സ്ഥിരീകരിച്ചു. തുടര്ന്ന് ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂള് ആരോഗ്യവകുപ്പ് അടച്ചു. വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു.
ഇതിനിടെ, സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 66 പേർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു, 17 പേർ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് മരണം സെപ്റ്റംബർ മാസത്തിലാണ് റിപ്പോർട്ട് ചെയ്തത്.
