കോഴിക്കോട്: കോഴിക്കോട് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പിന്റെ കർശന നടപടി. 5 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. പരിശോധനയിൽ നിയമാനുസൃതമല്ലാത്ത വലകൾ ഉപയോഗിച്ചതും ചെറുമത്സ്യങ്ങളെ അനധികൃതമായി പിടിച്ചതുമാണ് കണ്ടെത്തിയത്.Fisheries Department takes strict action against boats engaged in illegal fishing
അമ്പലപ്പുഴ വെള്ളംതെങ്ങില്‍ കക്കാഴം സ്വദേശിയായ ഷാജിമോന്റെ ഉടമസ്ഥതയിലുള്ള സന്നിധാനം, ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ തലക്കകത്ത് മജീദിന്റെ ഉടമസ്ഥതയിലുള്ള മുഹബ്ബത്ത് 3 എന്നീ ബോട്ടുകളെയാണ് പിടിച്ചെടുത്തത്. ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ബേപ്പൂര്‍ ഹാര്‍ബര്‍ പരിസരത്തുവെച്ചാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്. അനധികൃത പെലാജിക് നെറ്റ് ഉപയോഗിച്ചതും, ഇരട്ട വല വിനിയോഗിച്ചതും, അനുവദനീയ അളവിൽ കൂടുതലായി ചെറുമത്സ്യങ്ങൾ പിടിച്ചതുമാണ് നടപടിക്കു കാരണമായത്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. കെ. വിജുല, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം എസ്.ഐ. ഓഫ് ഗാർഡ് ടികെ രാജേഷ്, ഫിഷറീസ് ഗാർഡുമാരായ ബിബിൻ, ശ്രീരാജ്, സീ റെസ്ക്യൂ ഗാർഡ് വിഘ്നേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഇതിനിടെ, കഴിഞ്ഞ ആഴ്ചയും സമാനമായ നിയമലംഘനം കണ്ടെത്തിയിരുന്നു. തോട്ടപ്പള്ളി തീരത്ത് ഡബിൾ വള്ളംവലി നടത്തി മീൻപിടിച്ച രണ്ടുവള്ളങ്ങളെ അധികൃതർ പിടികൂടി പിഴ ചുമത്തി. കൊല്ലം സ്വദേശികളുടേതായിരുന്ന ഈ വള്ളങ്ങളിൽ നിന്നുള്ള മത്സ്യം ലേലം ചെയ്തു. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
