ന്യൂഡൽഹി: സായുധ സേനയിൽ പ്രവേശനത്തിനിടെ പുരുഷന്മാർക്കും സ്ത്രീകൾക്കും തമ്മിൽ വിവേചനം കാണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. വ്യോമസേനയിലെ പൈലറ്റ് തസ്തികയിൽ പുരുഷ സംവരണം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ, യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥിയെ പൈലറ്റ് തസ്തികയിൽ നിയമിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.Delhi High Court orders appointment of women as pilots in Air Force
നിയമന വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുമ്പോൾ യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ, മറ്റ് വ്യവസ്ഥകൾ എന്നിവ വ്യക്തമാക്കാൻ അധികാരികൾക്ക് അവകാശമുണ്ടെന്നും, അത്തരം മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികളെ ലിംഗഭേദമില്ലാതെ ഒരുപോലെ പരിഗണിക്കണമെന്നും ജസ്റ്റിസ് സി. ഹരി ശങ്കറും ജസ്റ്റിസ് ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധിയിൽ പറഞ്ഞു.
2023 മേയ് 17-ന് യുപിഎസ്സി പുറത്തുവിട്ട വിജ്ഞാപനപ്രകാരം, വ്യോമസേനയിൽ 92 പൈലറ്റുമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതിൽ 2 ഒഴിവുകൾ വനിതകൾക്കായി സംവരണം ചെയ്തപ്പോൾ ശേഷിച്ച 90 ഒഴിവുകൾ പുരുഷന്മാർക്കായിരുന്നു. വനിതാ ഒഴിവുകൾ രണ്ടും നികത്തിയെങ്കിലും, പുരുഷർക്കായി സംവരണം ചെയ്ത 90 ഒഴിവുകളിൽ 70 എണ്ണം മാത്രമാണ് നിറഞ്ഞത്.
വനിതകളുടെ റാങ്ക് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള അർച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്. അവർക്കു “ഫിറ്റ് ടു ഫ്ളൈ” സർട്ടിഫിക്കറ്റ് ഉണ്ടെന്നും കോടതി വിലയിരുത്തി. ഒഴിവു നിലനിൽക്കുന്ന 20 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തിട്ടില്ലെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും, ആ സീറ്റുകളിലേക്ക് യോഗ്യത നേടിയ വനിതകളെ ഒഴിവാക്കാനുള്ള കാരണം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അതിനാൽ ബാക്കി സീറ്റുകളിലും യോഗ്യരായ വനിതകളെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശിച്ചു.
