കോഴിക്കോട്: പ്രവാചക കേശം വളർന്നുവെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരിന്റെ പ്രസ്താവനയെ പരിഹസിച്ച് മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ രംഗത്തെത്തി.“ഒരു വർഷം കൊണ്ട് അര സെൻറിമീറ്റർ വളർന്നു എന്നു പറയുന്നുവെങ്കിൽ, 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നിട്ടുണ്ടാകും? എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മതത്തെ പണത്തിനായി ഉപയോഗിക്കുകയാണെന്നും കാന്തപുരം മുസ്ലിയാർ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണെന്നും ഹുസൈൻ മടവൂർ ആരോപിച്ചു.Controversy over hair growth: Hussain Madavoor mocks Kanthapuram
ഖുർആനിലോ പ്രവാചകൻ മുഹമ്മദ് നബിയുടെ ഉപദേശങ്ങളിലോ ഇല്ലാത്ത കാര്യങ്ങൾ വിശ്വാസികൾ സ്വീകരിക്കേണ്ട ബാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരിക്കൽ അവസാനിച്ച “കേശ വിവാദം” വീണ്ടും ഉയർത്തി പിടിക്കേണ്ട കാര്യമില്ലെന്നും, അതിനെതിരെ കെഎൻഎം പ്രത്യേക ക്യാമ്പയിൻ നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം വിശ്വാസികളെ തെറ്റിധരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്ന് കാന്തപുരം പിന്മാറണമെന്ന് ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
അതേസമയം, കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ള കോയ മദനി, കാന്തപുരം മുസ്ലിയാർ പ്രവാചക കേശത്തിന്റെ പേരിൽ കള്ളം പറയുന്നു” എന്ന് ആരോപിച്ചു. അദ്ദേഹത്തിന്റെ മരണാനന്തരം ഇതിനെ അത്ഭുതമായി പ്രചരിപ്പിക്കാനുള്ള ശ്രമമാണിതെന്നും, മുടിയെ വരുമാന കേന്ദ്രമാക്കാനുള്ള നീക്കമാണിതെന്നും കെഎൻഎം വിമർശിച്ചു.
കഴിഞ്ഞ ദിവസം മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിലാണ് കാന്തപുരം മുസ്ലിയാർ വിവാദ പ്രസ്താവന നടത്തിയത്. പ്രവാചക കേശം (ശഅ്റ് മുബാറക്) അര സെൻറിമീറ്റർ വളർന്നു എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കൂടാതെ,“പ്രവാചകന്റെ ഉമിനീർ പുരട്ടിയ മദീനയിലെ വെള്ളവും റൗളാ ഷരീഫിൽ നിന്ന് ലഭിക്കുന്ന പൊടിയും ചേർത്തെടുത്ത വെള്ളം മാത്രമാണ് ഇവിടെ നൽകുന്നത്. അത് ബഹുമാനത്തോടെ സൂക്ഷിക്കണം; അശുദ്ധമായിടത്ത് ഒഴിക്കരുത് എന്നും കാന്തപുരം വ്യക്തമാക്കി.
