കാസര്‍കോട്: കർണാടക അതിർത്തിയായ തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ്, റോഡരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ ബ്രേക്ക് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.Kasaragod Thalappadi bus accident: 5 dead
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാലുപേരും ബസ് സ്റ്റോപ്പിൽ കാത്തുനിന്നിരുന്ന ഒരാളുമാണ് മരണപ്പെട്ടത്. ബസ് സ്റ്റോപ്പിൽ കാത്തുനിന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്ന യാത്രക്കാരും പരിക്കേറ്റതായി വിവരം. കാസർകോട് നിന്ന് മംഗളാപുരത്തേക്ക് പോയിരുന്ന ബസ് അമിതവേഗത്തിലായിരുന്നുവെന്നും, മഴ കാരണം ബ്രേക്ക് കിട്ടാതെയാണ് അപകടമുണ്ടായതെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി.
