കോഴിക്കോട്: ശക്തമായ മഴയെ തുടർന്നു താമരശ്ശേരി ചുരത്തിൽ വീണ്ടും താത്കാലിക ഗതാഗത തടസ്സം ഏർപ്പെടുത്തുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് കല്ലും മണ്ണും വീണ്ടും ഇടിയാനുള്ള സാധ്യത ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനാൽ അടിവാരത്തും വൈത്തിരി ഭാഗത്തും വാഹനങ്ങൾ തടഞ്ഞു നിര്‍ത്തും.Traffic disruption at Thamarassery Pass again
കഴിഞ്ഞ ദിവസം രാത്രിയോടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചിരുന്നെങ്കിലും, സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് വീണ്ടും നിരോധനം. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞുവീണത് മൂലമാണ് അപകടാവസ്ഥ. റോഡിലേക്ക് വീണിരുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനെത്തുടർന്നാണ് ഗതാഗതം ഇന്നലെ രാത്രി താൽക്കാലികമായി തുറന്നിരുന്നത്.
ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ഗതാഗത നിരോധനം തുടരുമെന്നും, ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
