കോഴിക്കോട്: വടകരയിൽ എത്തിയ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. കൊടിയേന്തിയും മുദ്രാവാക്യം വിളികളുമായെത്തിയ പ്രവർത്തകർ ടൗൺഹാളിന് സമീപം ഷാഫിയുടെ കാറിന് മുൻപിലേക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ഏറെ ശ്രമിച്ചാണ് പോലീസ് സംഘർഷം നിയന്ത്രിച്ച് പ്രവർത്തകരെ മാറിനിർത്തിയത്.DYFI blocks Shafi Parambil MP in Vadakara
സംഭവത്തിനിടെ പ്രവർത്തകരും ഷാഫിയും തമ്മിൽ വാക്കേറ്റവും നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. “വാഹനം തടയുമെന്നും പ്രതിഷേധിക്കുമെന്നും” പ്രവർത്തകർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ചില പരിപാടികളുമായി ബന്ധപ്പെട്ട് വടകരയിൽ എത്തിയ ഷാഫിയെ പ്രവർത്തകർ വാഹനം തടഞ്ഞതിനെത്തുടർന്ന്, അദ്ദേഹം കാറിൽ നിന്ന് ഇറങ്ങി പ്രവർത്തകരോട് നേരിട്ട് പ്രതികരിച്ചു. സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും അസഭ്യ വാക്കുകൾ അംഗീകരിക്കാനാകില്ലെന്നും, “നായ, പട്ടി എന്നൊക്കെയുള്ള വിളികൾ കേട്ടുനിൽക്കാനില്ല” എന്നും ഷാഫി വ്യക്തമാക്കി.
എംപിയെക്കുറിച്ചും സംഘർഷസാധ്യതയെക്കുറിച്ചും കണക്കിലെടുത്ത്, പോലീസ് പിന്നീട് ഷാഫിയെ കൂടി തടഞ്ഞു. “പേടിച്ച് വടകര അങ്ങാടിയിൽ നിന്ന് പോകില്ല” എന്ന നിലപാടും ഷാഫി പ്രകടിപ്പിച്ചു. ഏകദേശം പത്തു മിനിറ്റ് നീണ്ട സംഘർഷാവസ്ഥയ്ക്ക് ശേഷം എംപി കാറിൽ കയറി സ്ഥലത്ത് നിന്ന് മടങ്ങി.
