തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി നൽകിയ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. മന്ത്രിസഭാ യോഗത്തിൽ അംഗീകാരം ലഭിച്ച ഭേദഗതി ചട്ടങ്ങൾ ഇനി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷം മാത്രമേ അന്തിമരൂപം കൈവരിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലയോര മേഖലയിൽ ദീർഘകാലമായി നിലനിന്നുവരുന്ന ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ നിർണായക നടപടിയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി.Land Registry Amendment: Cabinet approves
പതിച്ചുകിട്ടിയ ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം നിയമവിധേയമാക്കാനും, അതേ സമയം ആവശ്യമായ വ്യവസ്ഥകളോടുകൂടി ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകാനുമാണ് ഭേദഗതിയുടെ ലക്ഷ്യം. സർക്കാർ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ മാത്രമാണ് നിയമഭേദഗതി തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ, നിയമ വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങളുമായി നടത്തിയ ആലോചനകളുടെ അടിസ്ഥാനത്തിലാണ് ചട്ടങ്ങൾ രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള നിയമസഭ 2023 സെപ്റ്റംബർ 14-ന് ഭൂപതിവ് ഭേദഗതി നിയമം പാസാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മന്ത്രിസഭ ചട്ടങ്ങൾ കൊണ്ടുവന്നത്. പ്രധാനമായി രണ്ട് വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്: ഇതുവരെ നടന്ന വകമാറ്റിയുള്ള വിനിയോഗങ്ങൾ നിയമവിധേയമാക്കുക, പതിച്ചുകിട്ടിയ ഭൂമിയെ കൃഷിയ്ക്കും ഗൃഹനിർമാണത്തിനും പുറമെ ജീവിതോപാധി ഉറപ്പാക്കുന്ന മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകുക. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകിയത്.
