കണ്ണൂർ: പിപി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നടത്താൻ അനുമതി തേടിയതായി വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. കേസിലെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നടപടി സ്വീകരിച്ചത്.Disproportionate assets case against PP Divya: Vigilance report in High Court
കണ്ണൂരിലെ കെ.എസ്.യു. നേതാവ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് വിഷയമുയർന്നത്. അന്വേഷണത്തെ ഉദ്ദേശപൂർവം അട്ടിമറിച്ചുവെന്ന ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹർജി സെപ്റ്റംബർ 18ന് വീണ്ടും പരിഗണിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, പിപി ദിവ്യ “കാർട്ടൺ ഇന്ത്യ അലിയൻസ് പ്രൈവറ്റ് ലിമിറ്റഡ്” എന്ന പേരിൽ ബിനാമി കമ്പനി ആരംഭിച്ചുവെന്നാണ് ആരോപണം. ഈ കമ്പനിയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ നിർമ്മാണ കരാറുകൾ നൽകിയെന്നും, സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണ് ഉടമകളെന്നും കെ.എസ്.യു. ആരോപിച്ചു.
കമ്പനി അധികൃതരും ദിവ്യയുടെ ഭർത്താവും അടുത്ത ബന്ധുക്കളാണെന്നും, സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് കമ്പനി രൂപീകരിച്ച് കരാറുകൾ സ്വന്തമാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിൽ നിന്ന് പിപി ദിവ്യയെ പ്രാഥമിക ഘട്ടത്തിൽ ഒഴിവാക്കിയതായി ആരോപണവും ഉന്നയിച്ചിട്ടുണ്ട്.
