പൂനൂർ: കോഴിക്കോട് പൂനൂരിൽ തെങ്ങുകയറ്റത്തിനിടെ വീണ് തൊഴിലാളി മരിച്ചു. കാന്തപുരം കൊളങ്ങരാം പൊയിൽ അബ്ദുൽ മജീദ് (45) ആണ് മരിച്ചത്.Coconut tree worker falls and dies in Poonur
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തെങ്ങിൽ നിന്ന് പിടിവിട്ടുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുലിനെ നാട്ടുകാർ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാന്തപുരം കരുവാറ്റ ഭാഗത്തെ ഒരു പറമ്പിൽ ജോലിക്കിടെയായിരുന്നു അപകടം. 20 വർഷത്തിലധികമായി തെങ്ങുകയറ്റ തൊഴിലാളിയായി പ്രവർത്തിച്ചുവരികയായിരുന്നു.
മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം വീട്ടിലെത്തിച്ച് പൊതു ദർശനത്തിന് ശേഷം കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും.
