കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ അവധിയും U-ഷേപ്പ് ക്ലാസ്റൂം ആശയവും സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. അവധിയെ മെയ്, ജൂൺ മാസങ്ങളിലേക്കു മാറ്റാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ, വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകളെ രണ്ടാക്കി ചുരുക്കുന്നത് നല്ലതാകുമെന്നും നിർദേശിച്ചു. കാരന്തൂർ മാർക്കസിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.Reducing exams to two can save school time; Kanthapuram Musliyar suggests
മൂന്ന് പരീക്ഷകളെ രണ്ടാക്കി ചുരുക്കുന്നത് വഴി പഠനസമയം ലാഭിക്കാനാകും. എല്ലാ കാര്യങ്ങളും കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ തർക്കങ്ങൾ ഉണ്ടാകില്ലെന്നും, ഇനിയും അങ്ങനെ ചേർന്ന് തീരുമാനങ്ങൾ എടുക്കാമെന്നും കാന്തപുരം പറഞ്ഞു. സ്കൂൾ സമയമാറ്റത്തെക്കുറിച്ചുള്ള ചര്ച്ചകള് നടക്കുന്നതിനിടെയാണ് കാന്തപുരം നിർദേശവുമായി മുന്നോട്ട് വന്നത്. വിദ്യാഭ്യാസമന്ത്രി വേദിയിൽ ഇരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. “മന്ത്രി ബുദ്ധിയുള്ള ആളാണ്. ഞാൻ നിർദേശങ്ങൾ പറഞ്ഞപ്പോൾ പഠിച്ചിട്ട് പറയാമെന്ന് പ്രതികരിച്ചു. അതാണ് യഥാർത്ഥ ബുദ്ധിയുടെ ലക്ഷണം. അല്ലാതെ വെറുതെ സമ്മതിച്ചു നടിക്കുകയല്ല വേണ്ടത്,” എന്നും കാന്തപുരം കൂട്ടിച്ചേർത്തു.
ഇതിന് മറുപടിയായി മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. “ഞാൻ കാന്തപുരം ഉസ്താദിന്റെ ആരാധകനാണ്. ഉസ്താദുമായി ഏറെ അടുപ്പമുണ്ട്; ആരോഗ്യം സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം എപ്പോഴും ചോദിച്ചറിയാറുണ്ട്. ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്താണ് ഞാൻ നിയമസഭയിലെത്തിയത്. അതിനാൽ മതേതരത്വത്തിനും ന്യൂനപക്ഷങ്ങൾക്കും വേണ്ടി നിലകൊള്ളും എന്നതിൽ സംശയമില്ല,” എന്നും മന്ത്രി പറഞ്ഞു. സ്കൂൾ അവധിയും സമയമാറ്റവും സംബന്ധിച്ച വിഷയങ്ങൾ പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
