ഇടുക്കി: പീരുമേട്ടിൽ വനത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് ഇന്നുവരെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. സീത കാട്ടാനയുടെ ആക്രമണമാണ് മരണകാരണമെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും, വനംവകുപ്പ് ഇപ്പോഴും ഭർത്താവ് ബിനുവിനെ പ്രതിയാക്കി കേസ് മുന്നോട്ട് കൊണ്ടുപോകുകയാണ്. റിപ്പോർട്ട് സമർപ്പിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും വകുപ്പിന്റെ സമീപനത്തിൽ മാറ്റമില്ല.Forest Department fails to pay compensation to family of Sita, who was killed in a wild elephant attack
വനംവകുപ്പും ഫോറൻസിക് സർജനും ചേർന്ന് ഗൂഢാലോചന നടത്തിയതാണെന്ന് ഊര്മൂപ്പൻ രാഘവൻ ആരോപിച്ചു. കഴിഞ്ഞ ജൂൺ 13നാണ് സീത കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുത്തിയത്. എന്നാൽ, മരണം കാട്ടാന ആക്രമണത്തിൽ നിന്നല്ലെന്ന ഫോറൻസിക് സർജന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ഡോക്ടറുടെയും ഭർത്താവ് ബിനുവിന്റെയും മക്കളുടെയും മൊഴികൾ പൊലീസ് വിശദമായി രേഖപ്പെടുത്തി.
ഫോറൻസിക് സംഘം നടത്തിയ സ്ഥലപരിശോധനയിൽ കാട്ടാനയുടെ സാന്നിധ്യം വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആക്രമണം കാട്ടാനയുടേതാണെന്ന നിഗമനത്തിലെത്തിയത്. സീതയുടെ നെഞ്ചിലും കഴുത്തിലും ഉണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ടനുസരിച്ച്, സീതയുടെ ശരീരത്തിൽ ഡസനിലധികം പരിക്കുകൾ ഉണ്ടായിരുന്നു. നാഭിക്കും തൊഴിയേറിയ ഭാഗത്തും പരിക്കുകളുണ്ടായിരുന്നു. തലയുടെ ഇരുവശങ്ങളിലും കടുത്ത ആഘാതം മൂലമുള്ള മുറിവുകൾ കണ്ടെത്തി. മുഖത്ത് അടിയേറ്റിരുന്നു. ഇടത്-വലത് വശങ്ങളിലെ വാരിയല്ലുകൾ പൊട്ടുകയും ചില അസ്ഥിഖണ്ഡങ്ങൾ ശ്വാസകോശത്തിൽ കയറിയുമുണ്ടായിരുന്നു.
സീതയും ഭർത്താവ് ബിനുവും രണ്ടു മക്കളും ചേർന്ന് വന വിഭവങ്ങൾ ശേഖരിക്കാൻ പോയ സമയത്താണ് കാട്ടാന ആക്രമണം ഉണ്ടായത്. സംഭവം നടന്നത്, കുടുംബം താമസിക്കുന്ന തോട്ടാപ്പുരയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെ വനത്തിനുള്ളിലായിരുന്നു. എന്നാൽ, കേസ് കോടതിയിൽ തുടരുന്നതിനാലാണ് നഷ്ടപരിഹാരം വിതരണം വൈകുന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി.
