കൊച്ചി: പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി)ക്കെതിരെ ഉയർന്ന പീഡനക്കേസിൽ അദ്ദേഹം ഇപ്പോഴും ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. കേസ് ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും വേടനെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനം പോലീസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലാണെന്നും തുടർനടപടികൾ കോടതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. വിദേശത്തേക്ക് കടക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.The poacher is absconding; the investigation is progressing, says the commissioner.
യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലും കൊച്ചിയിലെ വേടന്റെ ഫ്ലാറ്റിലും നടന്ന സംഭവങ്ങളാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. 2021 ഓഗസ്റ്റിൽ കോഴിക്കോട് വീട്ടിൽവെച്ച് അനുവാദമില്ലാതെ ചുംബിക്കുകയും പിന്നീട് ബലാത്സംഗം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. തുടർന്ന് കൊച്ചിയിലും പീഡനം തുടരുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
വർഷങ്ങളോളം ശാരീരിക, മാനസിക, സാമ്പത്തിക ചൂഷണങ്ങൾ സഹിക്കേണ്ടി വന്നതായും വേർപിരിഞ്ഞതിന് ശേഷം വേടൻ തന്നെ മാനസികമായി തകർത്തുവെന്നും വിഷാദാവസ്ഥയിലായതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക ചൂഷണത്തിന്റെ കാര്യവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021 മുതൽ 2023 വരെ പാട്ട് റിലീസ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി വേടൻ ഏകദേശം 31,000 രൂപ യുവതിയിൽ നിന്ന് വാങ്ങിയെന്നും, ബാങ്ക് രേഖകളും ടിക്കറ്റ് ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളും തെളിവായി നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
അതേസമയം, വേടനെതിരെ മറ്റ് രണ്ട് യുവതികളും ലൈംഗികാതിക്രമ പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്. 2020-ലും 2021-ലുമാണ് ഇവർക്ക് അതിക്രമം നേരിട്ടതെന്നാണു ആരോപണം.
യുവ ഡോക്ടറുടെ പരാതിക്ക് പിന്നാലെ വേടൻ ഒളിവിൽ പോയതും, ഇതുവരെ അദ്ദേഹത്തെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. പോലീസാണ് വേടനെ സംരക്ഷിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കമ്മീഷണറുടെ വിശദീകരണം. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഹൈക്കോടതി കഴിഞ്ഞ ദിവസം വേടന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുൻകൂർ ജാമ്യഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നതാണ് കോടതി നിർദ്ദേശം.
