യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സംഘടിപ്പിച്ച സമ്പർക്കപരിപാടിയിൽ പങ്കെടുക്കാതിരുന്നതിനെ ചൊല്ലിയ വിവാദത്തിൽ എം.എൽ.എ ചാണ്ടി ഉമ്മൻ വിശദീകരണം നൽകി. പരിപാടിയിലേക്ക് തന്നെ ആരും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും, പങ്കെടുക്കുമെന്നുറപ്പ് നൽകാതിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാഹചര്യങ്ങൾ അനുകൂലമായിരുന്നുവെങ്കിൽ പങ്കെടുത്തേനെയെന്നു മാത്രമാണ് സംഘാടകരോട് അറിയിച്ചതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.Explanation on Chandy Oommen’s absence from the event controversy
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ നടത്തിയ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പാർട്ടിക്കുള്ളിലെ വിഷയങ്ങൾ പാർട്ടിയുടെ ആഭ്യന്തര സംവിധാനങ്ങൾ വഴിയാണ് പരിഹരിക്കേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി. എല്ലാ കാര്യങ്ങളും വിവാദമാക്കി ചിത്രീകരിക്കേണ്ടതില്ലെന്നും, വാർത്തകളിൽ പലപ്പോഴും മാധ്യമങ്ങളുടെ വ്യാഖ്യാനമാണ് മുൻതൂക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
നിമിഷ പ്രിയ കേസ് സംബന്ധിച്ച് ദുബായിൽ പോയ ശേഷം പുലർച്ചെ അഞ്ചുമണിയോടെയാണ് കോഴിക്കോട്ട് തിരിച്ചെത്തിയതെന്നും, യാത്രയുടെ ക്ഷീണം കാരണം പങ്കെടുക്കാൻ സാധിച്ചില്ലെന്നും, “ഞാനും ഒരാൾ മനുഷ്യനാണ്” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നഗരത്തിൽ തന്നെ ഉണ്ടായിരുന്നിട്ടും ചാണ്ടി ഉമ്മൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് ഡിസിസിയിൽ അതൃപ്തി സൃഷ്ടിച്ചു. ടി. സിദ്ദിഖ്–ഷാഫി പറമ്പിൽ ഗ്രൂപ്പുകൾ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് അദ്ദേഹത്തിന്റെ വിട്ടുനിൽപ്പിന് പിന്നിലെന്ന് സൂചനകൾ പുറത്തുവരുന്നു. ചാണ്ടി ഉമ്മന്റെ സാന്നിധ്യം ടി. സിദ്ദിഖ് തടഞ്ഞുവെന്നാരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടിരുന്നതായി ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം മനപ്പൂർവ്വം വിട്ടുനിന്നതാണോ എന്ന് അന്വേഷിക്കുമെന്നും, ഗ്രൂപ്പ് തർക്കങ്ങളില്ലെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.
