കൊച്ചി: പണമിടപാട് പ്രശ്നത്തെ തുടർന്ന് ഭീഷണി നേരിട്ട വീട്ടമ്മ ആത്മഹത്യ ചെയ്തു. കോട്ടുവള്ളി സൗത്ത് റേഷൻകടയ്ക്ക് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശ (46)യാണ് ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ വീട്ടിൽ നിന്നും കാണാതായ ആശയെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.Threatened by a retired policeman and his wife, a moneylender, a housewife committed suicide by jumping into a river
നാലുദിവസം മുമ്പും ഭീഷണി സഹിക്കാനാകാതെ ആശ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയിരുന്നു. പിന്നീട് ചികിത്സയ്ക്ക് ശേഷം ആശ എസ്.പി ഓഫീസിൽ പരാതി നൽകുകയും, ഇരുകൂട്ടരെയും വിളിച്ചുവരുത്തി പൊലിസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച പ്രതികൾ തിങ്കളാഴ്ച രാത്രി വീണ്ടും വീട്ടിലെത്തി കലഹം സൃഷ്ടിച്ചതോടെയാണ് ആശ മാനസിക സമ്മർദം അതിരൂക്ഷമായി അനുഭവിച്ചത്. തന്റെ മരണത്തിന് കാരണക്കാരായവരുടെ പേരുകളടങ്ങിയ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ആശ പുഴയിൽ ചാടിയത്.
2022ൽ കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസുകാരൻ പ്രദീപിൽനിന്നും ആശ പലപ്പോഴായി ആവശ്യത്തിനായി 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മുഴുവൻ തുകയും പലിശയും തിരിച്ചടച്ചുവെന്നും, എങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ട് പ്രദീപും ഭാര്യ ബിന്ദുവും നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
മരണത്തിനുമുമ്പ് ആശ എഴുതി വെച്ച കുറിപ്പിലും ഇവരുടെ പേരുകളുണ്ട്. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപ പലിശ ഈടാക്കിയിരുന്നുവെന്നും, പലിശ അടയ്ക്കാനായി ആശ മറ്റു വഴികളിൽ നിന്ന് കൂടി കടം വാങ്ങേണ്ടിവന്നുവെന്നും സൂചനയുണ്ട്. “പണം മുഴുവനും കൊടുത്തിട്ടും ഭീഷണികൾ തുടർന്നു, കുടുംബത്തെയാകെ ജീവിക്കാൻ അനുവദിക്കില്ലെന്ന് വരെ പറഞ്ഞു” എന്നാണ് ഭർത്താവ് ബെന്നിയുടെ ആരോപണം. കഴിഞ്ഞ ദിവസത്തെ ഭീഷണിപ്പെടുത്തൽ മൊബൈലിൽ ദൃശ്യമായി പകർത്തിയിട്ടുമുണ്ട്.
മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ബുധനാഴ്ച കോട്ടുവള്ളി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മക്കൾ: ഗോഡ്സൺ, ജീവനി.
