സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ, പി. കൃഷ്ണപിള്ള അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണം ലഭിക്കാതിരുന്നതിനെതിരെ തുറന്നുപറഞ്ഞു. ആലപ്പുഴയിലെ വലിയചുടുകാട്ടിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ തന്നെ ഒഴിവാക്കിയതിൽ നിരാശയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പതിവായി അനുസ്മരണ പ്രഭാഷണം നടത്തിവന്നിരുന്നത് താനാണെന്നും, ഇത്തവണ മാത്രമാണ് മാറ്റം വന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.P. Krishna Pillai memorial omitted Sudhakaran
വർഷങ്ങളായി ആലപ്പുഴയിൽ നടക്കുന്ന പി. കൃഷ്ണപിള്ള അനുസ്മരണ ചടങ്ങുകളിൽ വി.എസ്. അച്യുതാനന്ദനെത്തുടർന്ന് ഉദ്ഘാടകനായിരുന്നത് സുധാകരനായിരുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 19-ന് സജീവമായി പങ്കെടുത്തിരുന്നെങ്കിലും, ഇത്തവണ അദ്ദേഹത്തെ ചടങ്ങിൽ നിന്ന് ഒഴിവാക്കി. ഇത് പാർട്ടിയിലെ വിഭാഗീയതയുടെ പ്രകടനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഔദ്യോഗിക ചടങ്ങ് അവസാനിച്ച ശേഷം, നേതാക്കളെല്ലാം മടങ്ങിയതിനു ശേഷമാണ് സുധാകരൻ ഒരു ഓട്ടോറിക്ഷയിൽ വലിയചുടുകാട്ടിൽ എത്തിയത്. ജില്ലാ നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ അകൽച്ച വ്യക്തമാക്കുന്ന സംഭവമായിട്ടാണ് ഇത് കാണപ്പെടുന്നത്. ചടങ്ങിന് ഉദ്ഘാടകനായിരുന്നത് എളമരം കരീം. മന്ത്രി സജി ചെറിയാൻ അടക്കമുള്ള മറ്റ് നേതാക്കളും പങ്കെടുത്തു.
ആലപ്പുഴയിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് സുധാകരൻ നേരിടുന്ന അവഗണനയുടെ തുടർച്ചയായാണ് ഈ സംഭവം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടി സമ്മേളനങ്ങളിലും മുൻപ് സമാനമായ അവഗണന ഉണ്ടായിരുന്നുവെന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
