തിരുവനന്തപുരം: മിൽമ ബോട്ടിലിൽ പാൽ വിതരണം ആരംഭിക്കുന്നു. ഒരു ലിറ്റർ പശുവിൻ പാലിന്റെ വില 70 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വിതരണം തിരുവനന്തപുരം നഗരത്തിലായിരിക്കും; ജില്ലയിൽ ലഭിക്കുന്ന പ്രതികരണം വിലയിരുത്തി പിന്നീടാണ് മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുക.Milma to distribute bottled milk
ഓഗസ്റ്റ് 19-ന് മന്ത്രി ജെ. ചിഞ്ചുറാണി ഔദ്യോഗികമായി പദ്ധതി ഉദ്ഘാടനം ചെയ്യും. ഉയർന്ന നിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിലാണ് പാൽ പാക്ക് ചെയ്യുന്നത്. ശീതീകരിച്ച് സൂക്ഷിച്ചാൽ മൂന്ന് ദിവസം വരെ കേടുകൂടാതെ നിലനിൽക്കും. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മിൽമ കൗ മിൽക്ക് പാക്ക് ചെയ്യുന്നത്. ആവശ്യത്തിന് ഉപയോഗിക്കാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിലാണ് ബോട്ടിലിൽ വിതരണം നടക്കുന്നതെന്ന് കെസിഎംഎംഎഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാൽ വില വർധനവുമായി ബന്ധപ്പെട്ട് കർഷകർ നിരന്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ഫെഡറേഷനിൽ ഇതിനായി കത്ത് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. എത്രത്തോളം വർധനവ് ഉണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ല. ഓണത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂവെന്നും വ്യക്തമാക്കി.
