പിറവം: മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്) പിറവത്തുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സുരേഷിന് ഉറക്കത്തിനിടെ ഹൃദയസ്തംഭനം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. മരണസമയത്ത് 53 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച (10-ന്) പിറവം കണ്ണീറ്റുമല ശ്മശാനത്തിൽ നടക്കും.Mimicry star Pala Suresh passes away
പിറവം തേക്കുംമൂട്ടിൽപ്പടിക്കടുത്തുള്ള വാടകവീട്ടിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പതിവുപോലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വാതിൽ തുറന്ന് പരിശോധിക്കുമ്പോഴാണ് വിവരം അറിഞ്ഞത്. ഉടൻ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നുപതിറ്റാണ്ടിലേറെ കാലം മിമിക്രി വേദികളിൽ നിറഞ്ഞുനിന്ന കലാകാരനായിരുന്നു സുരേഷ്. മെഗാ ഷോകളിലും സ്റ്റേജ് പരിപാടികളിലും ശ്രദ്ധേയനായ അദ്ദേഹം, ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലത്തെ നർമ ട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ കലാരംഗത്തെ തുടക്കം. തുടർന്ന് കൊച്ചിൻ രസിക ടീമിലും സജീവമായി.
രാമപുരം വെള്ളിലാപ്പിള്ളിൽ വെട്ടത്തുകുന്നേൽ വീട്ടിൽ പരേതനായ ബാലന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: ദീപ (പേപ്പതി കാവലംപറമ്പിൽ കുടുംബം). മക്കൾ: ദേവനന്ദു (നഴ്സിങ് വിദ്യാർഥിനി, ജർമനി), ദേവകൃഷ്ണ.
