
ഗൂഡല്ലൂര്‍: നീലഗിരിയിലെ ഓവേലിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബൈക്കിൽ യാത്ര ചെയ്തുകൊണ്ടിരുന്ന എല്ലമല സ്വദേശി നൗഷാദ് (42) ആണ് ആക്രമിക്കപ്പെട്ടത്.Wild elephant attack in Gudalur: Biker seriously injured
ഇന്ന് രാവിലെ പതിനൊന്നുമണിയോടെ ആറാട്ടുപാറയിലേക്കുള്ള റോഡിലാണ് സംഭവം. സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ കാട്ടാന, നൗഷാദിന്റെ ബൈക്കിന് പിന്നാലെ ഓടി ആക്രമിക്കുകയായിരുന്നു. കുഴിഞ്ഞും തകരാറിലുമായ റോഡിൽ ബൈക്ക് ഓടിക്കാൻ ബുദ്ധിമുട്ടുണ്ടായതിനാൽ നൗഷാദ് വാഹനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെ എത്തിയ കാട്ടാനയെ മറികടക്കാൻ അദ്ദേഹം അടുത്തുണ്ടായിരുന്ന കൊല്ലിയിലേക്ക് ചാടി രക്ഷപ്പെട്ടു.
ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ കാട്ടാനയെ തുരത്തുകയും, പരിക്കേറ്റ നൗഷാദിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ ഇഎംഎസ് സ്മാരക ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.