
സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആന്ധ്രാ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെ തുടർന്ന് കേരളത്തിൽ മഴ തീവ്രതയാർജ്ജിക്കുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.Orange alert, heavy rain warning in five districts of Kerala
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിയാൻ സാധ്യതയുണ്ട്. കേരള തീരത്ത് ഞായറാഴ്ച വരെയും, കർണാടക തീരത്ത് ചൊവ്വാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് തിങ്കളാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
താഴ്ന്ന പ്രദേശങ്ങളിലെയും നദീതീരങ്ങളിലെയും ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.