
താരസംഘടനായ എഎംഎമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-നാണ് നടക്കുന്നത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ശ്വേതാ മേനോനാണ്. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും, ട്രഷററായി ഉണ്ണി ശിവപാലും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയും സ്ഥാനമേറ്റു.AMMA’s first executive meeting on August 21st
അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലായിരുന്നു മത്സരം. ആദ്യ യോഗത്തിൽ വിവിധ വിഷയങ്ങളും സംഘടനക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പരാതികളും പരിഗണിക്കപ്പെടും. എല്ലാ അംഗങ്ങളെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുമെന്ന് ശ്വേതാ മേനോൻ പ്രതികരിച്ചു.
എഎംഎമ്മയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇവരിൽ 233 പേർ വനിതകളാണ്. ഇത്തവണ 298 വോട്ടുകളാണ് രേഖപ്പെടുത്തിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി സംഘടനയെ ഉയർന്ന നിലയിൽ എത്തിക്കട്ടെയെന്ന് നടൻ മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആശംസിച്ചു.