
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷനുകളിൽ ഏർപ്പെടുന്നത് വീണ്ടും നിരോധിച്ച് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതായി സർക്കാരിനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനും വ്യാപകമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലറിൽ, ഇത്തരം പ്രവൃത്തികൾ ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് വ്യക്തമാക്കുന്നു.Private tuition for school teachers banned again
പിഎസ്സി പരിശീലന കേന്ദ്രങ്ങൾ, സ്വകാര്യ ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ എന്നിവ നടത്തുന്നതും അവിടെ പഠിപ്പിക്കുന്നതും അധ്യാപകർക്ക് നിരോധിതമാണ്. മാത്രമല്ല, ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി പുസ്തകങ്ങളോ ഗൈഡുകളോ പ്രസിദ്ധീകരിക്കുന്നതിനും നേരിട്ടോ പരോക്ഷമായോ സഹകരിക്കുന്നതിനും അനുമതിയില്ല. നിയമലംഘനം ചെയ്യുന്ന അധ്യാപകർക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉടൻ തന്നെ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും, നടപടി കൈക്കൊള്ളാത്ത വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ഡയറക്ടർ മുന്നറിയിപ്പ് നൽകി.