
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുരേഷ് ഗോപി നേരിടുന്ന നിയമലംഘനങ്ങളുടെയും വിവാദങ്ങളുടെയും സ്ഥലങ്ങൾ മാത്രം സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്, പേരൊന്നും പരാമർശിക്കാതെ. പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂർ, കൊല്ലം എന്നീ സ്ഥലങ്ങളാണ് ശിവൻകുട്ടി തന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.Minister Sivankutty trolls Union Minister Suresh Gopi
പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ വിഷയത്തിലാണ് സുരേഷ് ഗോപി ആദ്യം നിയമപ്രശ്നത്തിൽ പെട്ടത്. കൊല്ലത്ത് സഹോദരന്റെ ഇരട്ട വോട്ടുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചത്. തൃശൂരിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ വലിയ ക്രമക്കേട് ഉണ്ടായതായി പ്രതിപക്ഷം ആരോപിക്കുകയും, തെളിവുകൾ മാധ്യമങ്ങളിൽ പുറത്തുവന്നതുമുണ്ട്. കൂടാതെ ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങി പല ആരോപണങ്ങളിലും സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇക്കാര്യത്തിൽ ഇന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടാകുമോയെന്നതാണ് രാഷ്ട്രീയവേദിയിൽ ശ്രദ്ധേയമായ ചോദ്യം. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.