
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തി മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ ലൈഫ്’ എന്ന പ്രത്യേക ദൗത്യത്തിൽ ഏഴ് ജില്ലകളിൽ നിന്നുമാണ് വ്യാജ വെളിച്ചെണ്ണ കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്നതും ഗുണനിലവാരത്തിൽ സംശയമുള്ളതുമായ എണ്ണയാണ് പിടികൂടിയത്.16,565 liters of adulterated coconut oil seized in the state
പരിശോധനയിൽ 16,565 ലിറ്റർ വെളിച്ചെണ്ണയാണ് സീസുചെയ്തത്. വില വർധനവിനെ തുടർന്ന് ഗുണനിലവാര സംബന്ധമായ പരാതികൾ ഉയർന്നതോടെ രഹസ്യ പരിശോധനകൾ ആരംഭിച്ചതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ആലപ്പുഴയിലെ ഹരിപ്പാട്, തുലാംപറമ്പ് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ‘ഹരിഗീതം കോക്കനട്ട് ഓയിൽ’ സ്ഥാപനത്തിൽ നിന്നും ഇന്നലെ മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു. തെറ്റായ ലേബലുകളോടുകൂടി, വിവിധ കടകളിലേക്ക് വിതരണം ചെയ്യാൻ തയ്യാറാക്കിയ ചെറുകുപ്പികളിലായിരുന്നു എണ്ണ സൂക്ഷിച്ചിരുന്നത്.
സ്ഥാപനത്തിൽ നിന്നെടുത്ത സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി എൻ.എ.ബി.എൽ അംഗീകൃത ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വൈ.ജെ. സുബിമോൾ, ഹരിപ്പാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ഹേമാംബിക, ആലപ്പുഴ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്, ചെങ്ങന്നൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ശരണ്യ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.