
ന്യൂഡൽഹി: കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. 2021-22 മുതൽ 2023-24 വരെയുള്ള മൂന്നു വർഷത്തിനിടെ 201 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയിൽ അറിയിച്ചു.The number of government schools in Kerala is decreasing, says the Center
കെ. രാധാകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2021-22-ൽ സംസ്ഥാനത്ത് 5,010 സർക്കാർ സ്കൂളുകൾ ഉണ്ടായിരുന്നെങ്കിലും 2023-24-ൽ അത് 4,809 ആയി കുറഞ്ഞു. ഇതോടെ രണ്ടുവർഷത്തിനുള്ളിൽ 201 സർക്കാർ സ്കൂളുകൾ ഇല്ലാതായി.
കണക്കുകൾ പ്രകാരം, 2019-20-ൽ കേരളത്തിൽ 5,014 സർക്കാർ സ്കൂളുകൾ ഉണ്ടായിരുന്നു. 2020-21-ൽ അത് 5,020 ആയി ഉയർന്നെങ്കിലും 2021-22-ൽ 5,010 ആയി കുറവ് രേഖപ്പെടുത്തി. 2022-23-ൽ 4,811 സ്കൂളുകൾ മാത്രമായി, 2023-24-ൽ അത് 4,809 ആയി എത്തി. മിക്ക സംസ്ഥാനങ്ങളിലും സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഇത്തരം ഉയർച്ച-താഴ്ചകൾ ഉണ്ടായതായി മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഛത്തീസ്ഗഢ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ സർക്കാർ സ്കൂളുകളുടെ എണ്ണം വർധിച്ചതായും മന്ത്രി വ്യക്തമാക്കി.