
കൊച്ചി: നിയമാനുമതിയില്ലാതെ വാണിജ്യാടിസ്ഥാനത്തിൽ വാടക ഗർഭധാരണ ചികിത്സ നടത്തിയെന്നാരോപിച്ച് “മാമാ മിയ” സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലഭിച്ച ലൈസൻസ് മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്നതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ പ്രതിഫലം വാഗ്ദാനം ചെയ്ത് അന്യായമായി തടങ്കലിൽ പാർപ്പിക്കുകയും, അനധികൃതമായി അണ്ഡശേഖരണവും ഗർഭധാരണവും നടത്തി വൻതുക സമ്പാദിക്കുകയും ചെയ്തതായി ആരോപണം.Illegal surrogacy case against “Mama Mia” in Kochi
മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റങ്ങൾക്ക് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നിരോധിത പരസ്യങ്ങളിലൂടെ ഇരകളെ കുടുക്കിയെന്നാണ് കണ്ടെത്തൽ. രണ്ട് മുൻ ജീവനക്കാരികൾ സ്ഥാപനത്തിൽ സ്ത്രീകളെ നിർബന്ധിച്ച് സറോഗസി ചെയ്യിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു. നിയമം കർശനമായി വിലക്കുന്ന രീതിയിൽ സറോഗേറ്റ് അമ്മമാരെ തേടി സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ, പരസ്യം നൽകിയിരുന്നതും അന്വേഷണത്തിൽ വെളിപ്പെട്ടു.
സംസ്ഥാന നോഡൽ ഏജൻസി, ഇത്തരം സംഭവങ്ങൾ മുമ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, പരാതി ലഭിച്ചാൽ നടപടിയെടുക്കാമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് പണം വാങ്ങി അനധികൃത വാണിജ്യ വാടക ഗർഭധാരണ ചികിത്സ സജീവമായി നടക്കുന്നുണ്ടെന്നു തെളിഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്. എ.ആർ.ടി ബാങ്ക് ആയി മാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള ചില കേന്ദ്രങ്ങൾ തന്നെ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും കോടികൾ സമ്പാദിക്കുകയും ചെയ്തതായി കണ്ടെത്തി.