
കണ്ണൂർ: യൂണിയൻ തിരഞ്ഞെടുപ്പിനിടെ കണ്ണൂർ സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ബാലറ്റ് പേപ്പർ എസ്എഫ്ഐ സ്ഥാനാർഥി തട്ടിയെടുത്തുവെന്ന ആരോപണത്തെ തുടർന്ന് സംഘർഷം രൂക്ഷമായി. തിരഞ്ഞെടുപ്പ് ആരംഭിക്കുന്ന സമയത്ത് തന്നെ എസ്എഫ്ഐ, എംഎസ്എഫ്, കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും, പിന്നീട് ഇത് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.Union elections at Kannur University: SFI and police clash
ബാലറ്റ് പേപ്പർ തട്ടിയെടുത്ത എസ്എഫ്ഐ സ്ഥാനാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് വിവാദം ശക്തമായത്. ഇയാളെ ആസൂത്രിതമായി കസ്റ്റഡിയിൽ എടുത്തതാണെന്ന ആരോപണവുമായി എസ്എഫ്ഐ മുന്നോട്ടുവന്നു. കണ്ണൂർ ടൗൺ എസ്.ഐ തങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. പൊലീസിന് എംഎസ്എഫിന്റെ പിന്തുണയുണ്ടെന്നും, ഇതിന് തെളിവുകൾ ഉണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. പൊലീസിനെതിരെ പരാതി നല്കുമെന്നും സഞ്ജീവ് കൂട്ടിച്ചേര്ത്തു.
ഇതിനിടയിൽ ഒരു വിദ്യാർത്ഥിനിയെ അകാരണമായി തടഞ്ഞുവച്ചുവെന്ന് എസ്എഫ്ഐ ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ എസ്എഫ്ഐ തടഞ്ഞുവെന്നത് കെഎസ്യുവിന്റെ ആരോപണമായിരുന്നു. എങ്കിലും ഈ എല്ലാ ആരോപണങ്ങളും എസ്എഫ്ഐ തള്ളിക്കളഞ്ഞു.
സംഘർഷം ശമിക്കാനായി എത്തിയ പൊലീസിനെ പ്രവർത്തകർ നേരിട്ടത് കടുത്ത പ്രതിരോധം ആയിരുന്നു. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പൊലീസ് അവസാനമായി ലാത്തിച്ചാർജ് നടത്തി. പോലീസ് സഹായം ആവശ്യപ്പെടാൻ സർവകലാശാല വിസിക്ക് ഹൈക്കോടതി നിർദേശമുണ്ടായിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ നടപടികൾ കടുപ്പിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.