
കൊച്ചി : പാലിയേക്കര ടോൾ പിരിവ് താത്കാലികമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നാല് ആഴ്ചയ്ക്കാണ് ടോൾ പിരിവ് നിർത്താൻ കോടതി നിർദ്ദേശിച്ചത്. ഈ കാലയളവിൽ ദേശീയപാത അതോറിറ്റി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള യോജിച്ച നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.Paliyekkara toll collection temporarily suspended
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ടോൾ നിരക്ക് വർധിപ്പിച്ചെങ്കിലും കരാർപ്രകാരം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നില്ലെന്നാരോപിച്ചാണ് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് എന്നിവരും മറ്റ് ചിലരും ഹർജികൾ സമർപ്പിച്ചത്.
ഗതാഗതക്കുരുക്ക് ഏതാനും കിലോമീറ്ററുകളിലേക്കു മാത്രമേ ബാധകമായുള്ളൂവെന്നും സർവീസ് റോഡുകൾ വഴി ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നുവെന്നും ദേശീയപാത അതോറിറ്റിയുടെ അഭിഭാഷകനായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികളെടുക്കുന്നതായി സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാറും കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, ഗതാഗതക്കുരുക്കിന് ഇതുവരെ ഫലപ്രദമായ പരിഹാരം ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന്, ഹർജികൾ ഉത്തരവിനായി മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടോൾ പിരിവ് താത്കാലികമായി നിർത്തുവാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.